തിരുവനന്തപുരം:
സംരംഭകരെയും വ്യാപാരികളെയും ബന്ധിപ്പിച്ച് വൈഗ ബി ടു ബി മീറ്റ്
കേരളത്തിലെ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രികൾ ഉൾപ്പെടെ വ്യവസായിക മേഖല പുരോഗതിയുടെ പാതയിലാണെന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ്. 22849 ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ പുതുതായി കേരളത്തിലുണ്ടായതായി മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗയോട് അനുബന്ധിച്ച് നടത്തിയ ബിസിനസ് (ബി ടു ബി) മീറ്റ് ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂല്യ വർധിത ഉത്പന്നങ്ങളുടെ ചെറുകിട യൂണിറ്റുകളുൾപ്പെടെയുള്ള എം എസ് എം ഇ മേഖല സംസ്ഥാനത്ത് വളരെയധികം പുരോഗമിച്ചിട്ടുണ്ട്. കേരളത്തിൽ ഈ സാമ്പത്തിക വർഷത്തിൽ മാത്രം 41,000 കോടി രൂപയുടെ ധനസഹായം എം എസ് എം ഇ മേഖലയ്ക്ക് ലഭ്യമാക്കാനായി. 10,000 കോടി രൂപയുടെ അധിക സഹായമാണ് ഇതുവഴി ഈ വർഷം നൽകാനായത്. കേരളത്തിലെ പതിനായിരം എം എസ് എം ഇ കളെ സഹായിക്കുമെന്നും, അതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കിൻഫ്രയുടെ മെഗാ പാർക്ക്, തൊടുപുഴയിലെ സ്പൈസസ് പാർക്ക്, പാലക്കാട്ടും, ആലപ്പുഴയിലും ഉള്ള റൈസ് ഫുഡ് പാർക്കുകൾ, 10 മിനി ഫുഡ് പാർക്കുകൾ, വയനാട് കാർബൺ ന്യൂട്രൽ പാർക്ക്, കുറ്റ്യാടി നാളികേര പാർക്ക് തുടങ്ങിയവ ഉടനെ നിലവിൽ വരും. പല പദ്ധതികളും ഉദ്ഘാടനത്തിന് തയ്യാറായതായും മന്ത്രി സൂചിപ്പിച്ചു. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 30 ദിവസത്തിനുള്ളിൽ ഡെവലപ്പർ പെർമിറ്റ് നൽകുമെന്നും സ്വകാര്യ പാർക്കുകൾക്ക് സർക്കാർ പാർക്കുകളുടെ സംരക്ഷണവും സഹായവും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
കാർഷിക ഉത്പാദകരെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന ഇത്തരം ബി ടു ബി മീറ്റുകൾ കാർഷികമൂല്യ വർധിത മേഖലയ്ക്ക് കുതിപ്പ് നൽകുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് തുടർന്നും ബി2ബി മീറ്റുകൾ സംഘടിപ്പിക്കുമെന്നും, ഉത്പാദകർക്കും സംരംഭകർക്കും തമ്മിൽ സംസാരിക്കുവാനും കരാറുകൾ സൃഷ്ടിക്കുവാനുമുള്ള അവസരം വൈഗയിലുടനീളം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 11 വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് മൂല്യ വർധിത കൃഷി മിഷൻ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ കാലാവസ്ഥയും പശ്ചിമഘട്ടത്തിന്റെ സവിശേഷതകളും കാർഷിക മേഖലയ്ക്ക് ധാരാളം ഗുണങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. അതിനാലാണ് കേരളത്തിൽ നിന്നും ഇത്രയധികം ഭൗമ സൂചികാ പദവി ലഭിച്ച ഉത്പന്നങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ആയതിനാൽ കേരളത്തിൽ നിന്നുള്ള കാർഷികോല്പന്നങ്ങൾ മൂല്യ വർദ്ധനവിന് മുൻപന്തിയിൽ തന്നെ നിൽക്കുന്നുണ്ട്. മൂല്യവർദ്ധനവിനും കാർഷിക വ്യവസായത്തിനും പ്രോത്സാഹനം നൽകുന്നതിനാണ് കൃഷിവകുപ്പ് മുൻഗണന കൊടുക്കുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു. ബിസിനസ് അന്വേഷണങ്ങൾക്കും കൂടുതൽ ആരോഗ്യപരമായ ചർച്ചകളിലേക്ക് കടക്കുന്നതിനും വ്യാപാര കരാർ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബി2ബി മീറ്റിൽ പങ്കെടുത്ത ഹൈറേഞ്ച് ഓർഗാനിക് പ്രൊഡ്യൂസഴ്സ് കമ്പനി ലിമിറ്റഡിന്റെയും വി എഫ് പി സി കെയുടെയും കാർഷിക ഉൽപ്പന്നങ്ങൾ സ്വീകരിക്കുവാനുള്ള സസ് അഗ്രി ഡെവലപ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായുള്ള സമ്മതപത്രങ്ങൾ മുൻ കൃഷി മന്ത്രി സുനിൽകുമാർ കമ്പനി പ്രതിനിധികൾക്ക് കൈമാറി. കർഷകരുടെ ഉൽപ്പന്നങ്ങളെ കേരളത്തിലെ പ്രധാന റീട്ടെയിൽ വിപണന ശൃംഖലകളായ ലുലു ഗ്രൂപ്പ്, പോത്തീസ്, രാമചന്ദ്രൻ സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി വ്യാപാരം ഉറപ്പിക്കാനും ഇതുവഴി സാധിച്ചു. മീറ്റിൽ പങ്കെടുത്ത പല സംരംഭകർക്കും ഭാവിയിൽ മാർക്കറ്റ് ഡിമാന്റനുസരിച്ച് ഉൽപന്നങ്ങൾ തയ്യാറാക്കുന്നതിനുള ഇൻഡന്റുകൾ ഒപ്പു വച്ചു. ഇന്നത്തെ ബി2ബി മീറ്റിൽ 40 കോടി രൂപയുടെ ഇൻഡന്റുകളാണ് ഒപ്പു വച്ചത്. ഇതിൽ വ്യക്തിഗത സംരംഭകരുടെ 51 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ, കർഷക ഉത്പാദക സംഘങ്ങളുടെ 3.5 കോടി രൂപയുടെ ഉത്പന്നങ്ങൾ, കമ്പനികളുടെയും സൊസൈറ്റികളുടെയും 36 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടും. കാർഷിക ഉത്പാദകർക്കും സംരംഭകർക്കും വ്യവസായികൾക്കും ഒത്തുചേരാനും സംവദിക്കാനുമായി സംഘടിപ്പിച്ച വേദിയിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള കാർഷികമൂല്യ വർധിത ഉൽപ്പന്നങ്ങളുടെ വ്യാപാര വിപണന മേഖലയിൽ വ്യാപൃതരായ 133 കർഷകർ, സ്ഥാപനങ്ങൾ, കർഷക ഗ്രൂപ്പുകൾ തുടങ്ങിയവർ ഉല്പാദകരായി പങ്കെടുത്തു. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖരായ 90 സംരംഭകർ, വ്യവസായികൾ, എക്സ്പോർട്ടേഴ്സ് എന്നിവർ ബയേഴ്‌സ് ആയും പങ്കെടുത്തു. കാർഷിക സംരംഭങ്ങൾക്ക് വേണ്ടിയും വ്യവസായ സംരംഭങ്ങൾക്ക് വേണ്ടിയും മുഖാമുഖം നടത്തുന്ന കേരളത്തിലെ ആദ്യത്തെ ബിസിനസ് മീറ്റ് ആണ് വൈഗ വേദിയിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചത്. കൃഷി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ് സ്വാഗതവും, സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ എംഡി ആരതി എൽ ആർ ഐ ഇ എസ് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം

0 Comments