-----------------------------------------------------
എ.ആർ.കൊടിയത്തൂർ
------------------------------------------------------
18/04/23
കോഴിക്കോട്:
ആമോദത്തിന്റെയും ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും പ്രതീകമായ ശവ്വാൽ പിറവി കാണുമ്പോൾ ഈദുൽ ഫിത്തർ ആഘോഷിക്കുകയായി. എല്ലാ സമുദായങ്ങൾക്കും ആഘോഷമുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളിൽ
രണ്ട് ആഘോഷങ്ങൾ ആണ് ഉള്ളത് . ഈദുൽ അസ്ഹ, ഈദുൽ ഫിത്തർ. രണ്ട് ത്യാഗ സ്മരണകളാണ് ഇവ. വ്രതാ നുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മത്യാഗം. രണ്ടാമത്തേത് ഇബ്രാഹിം നബി (അ) യുടെ ത്യാഗം. പ്രധാന ആരാധനാ കർമ്മങ്ങളുടെ പരിസമാപ്തി. ഒന്ന് നോമ്പിന്റെ സമാപ്തിയാണെങ്കിൽ മറ്റൊന്ന് ഹജ്ജിന്റെ പരിസമാപ്തി. ഖുർആനിന്റെ അവതരണം നടന്നു. അവതരണം പൂർത്തിയായ സ്മരണ.
പെരുന്നാളിന് ദൈവത്തിന്റെ ഉന്നതി വാഴ്ത്തുന്നു. അള്ളാഹു അക്ബർ-- ദൈവം മഹോന്നതനാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു. റംസാനിന്റെ ശേഷമാണല്ലോ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. റംസാനിൽ ആരാധനാ നിമഗ്നരായവർക്കുള്ള സമ്മാനം. വിശ്വാസികൾ രാത്രി നമസ്കാരത്തിന് അണിനിരന്നു. വിശുദ്ധ വചനങ്ങൾ കാതിലും മനസ്സിലും ആഴ്ന്നിറങ്ങി.
പ്രാർത്ഥനാനിരതമായ രാവുകൾ. അന്ന പാനീയങ്ങൾ ഇല്ലാത്ത പകലുകൾ, ശരീരവും മനസ്സും വികാരങ്ങളും വിചാരങ്ങളും എല്ലാം നാഥന് സമർപ്പിച്ച രാപ്പകലുകൾ. പ്രാർത്ഥനകളും പ്രതീക്ഷകളുമായി ദൈവവഴിയിൽ സഞ്ചാരം നടത്തിയവർക്കുള്ള സമ്മാനം. നോമ്പിലുണ്ടായ പോരായ്മകൾ മായ്ക്കാൻ ഫിത്തർ സക്കാത്ത് നൽകുന്നു. സമ്മാനം ഏറ്റുവാങ്ങി വിശ്വാസി തക്ബീർ മുഴക്കുന്നു. പീഡനത്തിന് വിധേയനായ ബിലാലു ബ്നു റബാഹ് മുഴക്കിയ തക്ബീർ ഇന്നും നമ്മുടെ മനസ്സിൽ പ്രതിധ്വനിക്കണം.
പെരുന്നാളിന്റെ ദിവസം അല്പമൊക്കെ വിനോദവും ആകാം. മതപരമായ അതിരു പാലിച്ചുകൊണ്ട്, ആഭാസത്തിന് പിന്നാലെ പോകാത്ത വിനോദങ്ങൾ ആവാം.
ഈ അവസരത്തിൽ നമുക്കിടയിൽ പീഡനങ്ങൾ അനുഭവിക്കുന്ന ധാരാളം ആൾക്കാർ ഉണ്ടെന്ന് നാം ഓർക്കണം. പെരുന്നാളിന് നിഷ്കളങ്കമായി ചിരിക്കാനും സന്തോഷിക്കാനും കഴിയാത്തവരുണ്ട്. പിറന്ന മണ്ണിൽ സ്വസ്ഥമായി മരിക്കാൻ പോലും കഴിയാത്തവരുണ്ട്.
ഈ സന്ദർഭത്തിൽ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ നാം ശ്രമിക്കണം. സൃഷ്ടികളുമായുള്ള ബന്ധങ്ങൾ നാം മറന്നുകൂടാ. ഹൃദയം അറിഞ്ഞുള്ള പുഞ്ചിരിയാണ് നാം സമ്മാനിക്കേണ്ടത്. സമാധാന പ്രാർത്ഥനയോടെ ഹൃദയം അറിഞ്ഞുള്ള ഹസ്തദാനം നടത്തുക. ഹൃദയം ഹൃദയത്തോട് ചേർത്തുവച്ചുകൊണ്ടുള്ള ആലിംഗനം ആയിരിക്കണം നാം നടത്തേണ്ടത്.കൂട്ടു കുടുംബങ്ങളെ, ബന്ധുക്കളെ, സുഹൃത്തുക്കളെ, നേരിൽ കണ്ട് സൗഹൃദം പുതുക്കണം. മനോ വിഷമങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അത് ലഘൂകരിക്കുന്നു.
ആഹ്ലാദം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ അത് വർദ്ധിക്കുന്നു. മാറാരോഗങ്ങളോടും തീരാ വേദനകളോടും പൊരുതിക്കഴിയുന്നവർ ധാരാളം ഉണ്ട്. അവർക്കായി പ്രാർത്ഥിക്കുക, ആശ്വാസത്തിന്റെ കരസ്പർശം സമ്മാനിക്കുക. കഷ്ടപ്പെടുന്നവരെ സഹായിക്കാനും മറ്റുള്ളവരുടെ വേദന നമ്മുടെയും വേദനയായി കണക്കാക്കാനും നാം ശ്രമിക്കണം.
ജീവിതം പിണങ്ങി നിൽക്കേണ്ടതല്ല. പിണക്കമുണ്ടെങ്കിൽ അത് പറഞ്ഞു തീർക്കാൻ അമാന്തിക്കരുത്.
പരസ്പരം സൗഹൃദത്തോടും സ്നേഹത്തോടും കൂടി കഴിയണം. എല്ലാ മതസ്ഥരോടും സാഹോദര്യബുദ്ധിയോടെ വർത്തിക്കണം. ജൂതന്റെ മൃതദേഹം കൊണ്ടുപോകുമ്പോൾ എഴുന്നേറ്റുനിന്ന പ്രവാചകൻ, അയൽവാസിയായ തന്നെ ഉപദ്രവിച്ച അമുസ്‌ലിം പെൺകുട്ടിയുടെ അസുഖം സന്ദർശിക്കുകയാണ് ചെയ്തത്.
പെരുന്നാളിന്റെ സന്ദേശം പരസ്പരം കൈമാറുക. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം എന്നും കാത്തുസൂക്ഷിക്കുക. സമസൃഷ്ടികളോട് സൗഹൃദ മനോഭാവം നിലനിർത്തുക, എല്ലാ മതസ്ഥരോടും ആദരപൂർവ്വം പെരുമാറുക. ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കാൻനിരന്തരം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments