മാവൂർ ഗ്രാസിം കമ്പനി പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. കമ്പനിയുടെ ഭൂമി തിരിച്ചു പിടിക്കാതെ മുന്നോട്ടു പോവുന്ന സർക്കാരിനെതിരെ സമരം നടത്താനാണ് തീരുമാനം
കോഴിക്കോട്:
25/05/23
മാവൂര്‍ ഗ്രാസിം കമ്പനി അടച്ചുപൂട്ടി വർഷങ്ങൾ പിന്നിട്ടിട്ടും ഭൂമി തിരിച്ച് പിടിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രത്യക്ഷസമരത്തിനാണ് സമരസമിതിയുടെ ഒരുക്കം
1969ലാണ് ഇ.എം.എസ് സര്‍ക്കാര്‍ വുഡ് പള്‍പ്പ് ഫാക്‌ടറി തുടങ്ങാൻ ബിര്‍ളാ വ്യവസായ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഗ്രാസിം കമ്ബനിക്ക് മൂന്ന് ഘട്ടങ്ങളിലായി 246 ഏക്കര്‍ ഭൂമി കൈമാറിയത്. കമ്ബനി പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ഭൂമി സര്‍ക്കാരിന് തിരിച്ച് നല്‍കണം എന്നായിരുന്നു ഉടമ്ബടി. അല്ലാത്തപക്ഷം ഭൂമി പിടിച്ചെടുക്കാൻ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് വ്യവസ്ഥ. തൊഴിലവസരങ്ങള്‍ ഉണ്ടായെങ്കിലും ഫാക്ടറി മൂലം മാവൂരിലും പരിസര പ്രദേശങ്ങളിലും പാരിസ്ഥിതിക പ്രശ്‌നങ്ങളാണുണ്ടാവുന്നതായി ചൂണ്ടിക്കാട്ടി ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും 2001ല്‍ ഫാക്‌ടറി പൂട്ടിക്കുകയുമായിരുന്നു. ഫാക്‌ടറി പൊളിച്ച് നീക്കി സ്ഥലം വിട്ടു നല്‍കണമെന്ന് സര്‍ക്കാര്‍ 2006ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കമ്ബനിയുടെ ആവശ്യം പരിഗണിച്ച് ഉത്തരവ് പിൻവലിച്ചു. ഇതില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഗ്വാളിയോര്‍ റയോണ്‍സ് കമ്ബനിയ്ക്ക് കോടതിയെ സമീപിക്കാൻ അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്ബനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്ന 400 ഏക്കറോളം ഭൂമിയിപ്പോള്‍ കാടുപിടിച്ച് കിടക്കുകയാണ്. ആളൊഴിഞ്ഞ കെട്ടിടങ്ങളില്‍ ഏറിയ പങ്കും നിലം പൊത്താറായ അവസ്ഥയിലാണ്. ക്ഷുദ്രജീവികള്‍ താവളമാക്കിയതോടെ നാട്ടുകാരുടെ ജീവനും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയായി മാറി.
നേരത്തെ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങണമെന്നതായിരുന്നു സമരസമിതിയുടെ ആവശ്യമെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാൻ കമ്ബനി തയ്യാറായില്ല. തുടര്‍ന്നാണ് ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സമരസമിതി രംഗത്തെത്തിയത്.
ബഹുജന കണ്‍വൻഷൻ 26ന്
ഗ്രാസിം മാവൂര്‍ വിടുക, വ്യവസായത്തിന് നല്‍കിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുക എന്നീ മുദ്രാവാക്യവുമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ 26ന് വൈകിട്ട് മൂന്ന് മണിക്ക് മാവൂര്‍ പഞ്ചായത്ത് രാജീവ് ഗാന്ധി കണ്‍വെൻഷൻ സെന്ററില്‍ ബഹുജന കണ്‍വെൻഷൻ നടത്തുമെന്ന് സമരസമിതി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ ടി.രഞ്ജിത്ത് അറിയിച്ചു. ജില്ലയിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ട്രേഡ് യൂണിയൻ, ബഹുജന സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. കണ്‍വൻഷൻ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വി.എസ് രഞ്ജിത്ത്, കെ.സി വത്സരാജൻ, എൻ.പി അഹമ്മദ്, ടി.ടി അബ്ദുല്‍ ഖാദര്‍ എന്നിവരും പങ്കെടുത്തു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments