റമളാൻ വിശേഷങ്ങൾ




കോഴിക്കോട്:

3- വ്രതം: വ്യത്യസ്ത ആരാധന
ഒന്നോ രണ്ടോ ദിവസങ്ങളും കൂടി കഴിഞ്ഞാൽ മുസ്ലിംകളുടെ വ്രതമാസം ആരംഭിക്കുകയായി. ഇന്ന് അഥവാ മാർച്ച് 21,  അറബി മാസം (ശഅബാൻ) ഇരുപത്തി എട്ടാണ്. നാളെ അസ്തമയ ശേഷം റമളാൻ മാസപ്പിറവി കണ്ടതായി സ്ഥിരപ്പെട്ടാൽ മറ്റന്നാൾ (വ്യാഴം) മുതൽ റമളാൻനോമ്പായിരിക്കും. നാളെ ദർശനമുണ്ടായില്ലെങ്കിൽ അഥവാ ശഅബാൻ മുപ്പത് പൂർത്തിയായ സ്ഥിതിക്ക് മാർച്ച് 24 വെള്ളിയാഴ്ചയായിരിക്കും വ്രതാരംഭം.

മുസ്ലിംകൾ നോമ്പനുഷ്ഠിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനോ രോഗമുക്തിക്കോ വേണ്ടിയല്ലെങ്കിലും ഇസ്ലാമിലെ നോമ്പ് കൊണ്ട് ശാരീരികമായ ഒട്ടേറെ ഗുണങ്ങൾ ലഭിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

മനുഷ്യ വികാരങ്ങളില്‍ ഏറ്റവും തീക്ഷ്ണമായ വികാരങ്ങളാണ് വിശപ്പും ലൈംഗികതയും. നോമ്പിലൂടെ ഇവ രണ്ടും നിയന്ത്രണ വിധേയമാക്കാന്‍ സാധ്യമാവുന്നുണ്ട്. മനോ നിയന്ത്രണത്തിലൂടെ മാത്രമേ മനുഷ്യന് മാനസിക സൗഖ്യം ലഭിക്കുകയുള്ളൂ. ആരോഗ്യപരമായി നിരവധി നേട്ടങ്ങള്‍ നോമ്പുവഴി ലഭിക്കുന്നതായി വൈദ്യ ശാസ്ത്രം തന്നെ സമ്മതിച്ചിട്ടുണ്ട്.

മനുഷ്യ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വ്രതം ഒരു ആരാധനാ കര്‍മ്മമായി നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും ചില പ്രത്യേക ആഹാരങ്ങള്‍ ഒഴിവാക്കുകയും വെള്ളവും മറ്റും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് അതിലുള്ളത്. എന്നാല്‍ സമഗ്രവും ശാസ്ത്രീയവുമായ വ്രതാനുഷ്ഠാനമാണ് ഇസ്‌ലാമിലേത്. 

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചും ആത്മ സംസ്കരണവും അവയവ നിയന്ത്രങ്ങളും വരുത്തിയും മനസും ശരീരവും പൂര്‍ണമായും ദൈവത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസി വാക്കിലും നോക്കിലും വിശുദ്ധി പാലിക്കുന്നു. 

ഇസ്‌ലാമിക വ്രതത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെ ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നോമ്പിന് അമുസ്‌ലിംകള്‍ക്കിടയിലും സ്വീകാര്യത ഏറി വരുകയാണ്. നിരവധി രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് മികച്ച നിയന്ത്രണ ഔഷധമായി വ്രതം മാറുന്നു. ആഹാര നിയന്ത്രണത്തിന്റെ ശാസ്ത്രീയ രൂപമാണ് ഇസ്ലാമികവ്രതം.

അതിനാൽ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇരുലോകത്തും വ്രതം ഉപകാരപ്രദമായിത്തീരുന്നു. കൂടുതല്‍ നന്‍മകള്‍ ചെയ്യാനും മനസ്സ്  ശുദ്ധീകരിക്കാനും ജീവിതം ചിട്ടപ്പെടുത്താനം നോമ്പ് കാരണമായിത്തീരുന്നു. ചുരുക്കത്തില്‍ മറ്റുള്ള ആരാധനകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒട്ടേറെ പ്രത്യേകതകള്‍ മുസ്ലിംകളുടെ വ്രതാനുഷ്ഠാനത്തിനുണ്ട്. (തുടരും)

*ടി. കെ. മുഹമ്മദലി ചെറൂപ്പ*

മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments