ഇന്നസെന്റ് വിടപറഞ്ഞു ചലച്ചിത്ര നടനും മുൻ എം പി യുമാണ് ഇന്നസെന്റ്

mediaworldlive news Kozhikode 

കൊച്ചി:                

ചലച്ചിത്ര നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുഅദ്ദേഹം.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (മഴവില്‍ക്കാവടി) നേടിയിട്ടുള്ള ഇന്നസന്റ്, ചലച്ചിത്ര നിര്‍മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീത് -മാര്‍ഗലീത്ത ദമ്ബതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസന്റ് ജനിച്ചത്. ലിറ്റില്‍ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷനല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്‌എന്‍എച്ച്‌ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു.

തുടര്‍ന്ന് കുറച്ചുകാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്ബനി ഉടമ, തുകല്‍ക്കച്ചവടക്കാരന്‍, വോളിബോള്‍ കോച്ച്‌, സൈക്കിളില്‍ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വില്‍ക്കുന്ന കച്ചവടക്കാരന്‍ എന്നിങ്ങനെ പല ജോലികള്‍ ചെയ്തു. അതിനിടെ നാടകങ്ങളില്‍ അഭിനയിച്ചു.

ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979 ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.

1972 ല്‍, എ.ബി.രാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'നൃത്തശാല'യാണ് ഇന്നസന്റിന്റെ ആദ്യ ചിത്രം. പിന്നീട് ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്ബനി തുടങ്ങി. ഇളക്കങ്ങള്‍, വിടപറയും മുമ്ബേ, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ, ഓര്‍മയ്ക്കായി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.

ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാലാ, മാന്നാര്‍ മത്തായി സ്പീക്കിങ്, മഴവില്‍ക്കാവടി, ചന്ദ്രലേഖ, പൊന്‍മുട്ടയിടുന്ന താറാവ്, മനസ്സിനക്കരെ, ദേവാസുരം, ഡോ.പശുപതി, പിന്‍ഗാമി, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായി ചാലക്കുടിയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കാന്‍സര്‍ രോഗം ബാധിച്ചെങ്കിലും അതിനെ ചിരിയോടെ നേരിട്ട ഇന്നസന്റ് ഒരുപാടു പേര്‍ക്കു പ്രചോദനമായിരുന്നു.

ചിരിക്കു പിന്നില്‍ (ആത്മകഥ), മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, കാന്‍സര്‍ വാര്‍ഡിലെ ചിരി, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, ദൈവത്തെ ശല്യപ്പെടുത്തരുത്, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
മീഡിയ വേൾഡ് ന്യൂസ് കൊച്ചി റിപ്പോർട്ട്

Post a Comment

0 Comments