ഗർഭിണിയായ ആദിവാസി കുടുംബം ഒരു രാത്രി ഏറുമാടത്തിൽ അഭയം തേടി

mediaworldlive news Kozhikode 

എട്ട് മാസം ഗർഭിണിയായ ആദിവാസി യുവതിയും മക്കളും മൃഗങ്ങളെ ഭയന്ന് ഒരു രാത്രി ഏറുമാടത്തിൽ കഴിഞ്ഞു കൂടി 


തിരുവനന്തപുരം : 


സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ ഭയന്ന് രാത്രി ഏറുമാടത്തില്‍ കഴിയേണ്ട അവസ്ഥയിലുള്ള ഗര്‍ഭിണിയെയും കുട്ടികളെയും സംരക്ഷിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

എട്ട് മാസം ഗര്‍ഭിണിയായ പൊന്നമ്മയും ഭര്‍ത്താവ് രാജേന്ദ്രനും ഇവരുടെ രണ്ട് ചെറിയ കുഞ്ഞുങ്ങളും വന്യ മൃഗങ്ങളെ ഭയന്ന് രാത്രി 40 അടി ഉയരമുള്ള ഏറുമാടത്തില്‍ കഴിയുന്നെന്ന മാദ്ധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.

40 അടി ഉയരമുള്ള വന്‍മരത്തിന്റെ നെറുകയിലുള്ള ഏറുമാടത്തിലെത്തേണ്ടത് കാട്ടുകമ്ബുകള്‍കൊണ്ടു നിര്‍മ്മിച്ച പടവുകളിലൂടെയാണ് . ഒന്ന് കാല് വഴുതിയാല്‍ കാത്തിരിക്കുന്നത് വന്‍ അപകടമാണെങ്കിലും ജീവ ഭയം മൂലമാണ് 8 മാസം ഗര്‍ഭിണിയായ പൊന്നമ്മ അന്തിയുറങ്ങാന്‍ ഏറുമാടം കയറേണ്ടി വരുന്നത്. 

ശബരിമല വനമേഖലയിലെ ചാലക്കയം ഉള്‍വനത്തിലായിരുന്നു മലമ്ബണ്ടാര വിഭാഗത്തില്‍പ്പെട്ട ഇവരുടെ താമസം. ളാഹ മഞ്ഞത്തോട് കേന്ദ്രീകരിച്ച്‌ ആദിവാസി കുടുംബങ്ങള്‍ക്കു സ്ഥലം നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതോടെയാണ് ഇവര്‍ ഇവിടെയെത്തുന്നത്.      

തുടര്‍ന്ന് റോഡിനോടു ചേര്‍ന്ന് താമസത്തിനായി ഒരു കൂര ഒരുക്കിയെങ്കിലും കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം കാട്ടാനയെത്തി നശിപ്പിച്ചു. ഇതോടെയാണ് കൂരയോടു ചേര്‍ന്ന മരത്തില്‍ മുന്‍പ് ഉണ്ടായിരുന്ന ഏറുമാടം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാസയോഗ്യമാക്കി.

ഒരു വര്‍ഷമായി ഈ കുടുംബം രാത്രി ഏറുമാടത്തിലാണ് അന്തിയുറങ്ങുന്നത്. പകല്‍ സമയങ്ങളില്‍ താല്‍ക്കാലിക ഷെഡില്‍ കഴിയുന്ന ഇവര്‍ ഏറുമാടത്തിലേക്കു കയറും. ഇളയ മകനെ മാറാപ്പ് കെട്ടി അതിനുള്ളിലാക്കിയാണ് മുകളിലെത്തിക്കുന്നത്. പോഷകാഹാരക്കുറവുമൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാജേന്ദ്രന്‍ പറയുന്നു. താമസിക്കുന്ന ഷെഡ് പലതവണ ആന നശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുവ ഇവരുടെ വളര്‍ത്തു നായയെ ഓടിച്ചു.
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം റിപ്പോർട്ട്

Post a Comment

0 Comments