റമളാൻ വിശേഷം """"""""""""""""""""""""""""""""

mediaworldlive news Kozhikode 


T. k. cheruppa 

‎‎‎‎‎‎‎‎‎‎‎‎‎‎‎‎2- വ്രതാനുഷ്ഠാനം നിർബന്ധം:
വ്രതം അനുഷ്ഠിക്കാൻ കഴിവുള്ള, പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും റമളാനിലെ നോമ്പ് നിര്‍ബന്ധമാണെന്നാണ് ഇസ്ലാമിക വീക്ഷണം. എന്നാല്‍ വകതിരിവിന്‍റെ പ്രായമായ കുട്ടികളെ ഏഴാം വയസ്സില്‍തന്നെ നോമ്പ് ശീലിപ്പിക്കണമെന്നാണ് ഭൂരിപക്ഷ മുസ്ലിം പണ്ഡിത മതം.

ബുദ്ധി ഇല്ലാത്തവര്‍ മതപരമായ നിര്‍ബന്ധ പരിധിയില്‍ വരുന്നില്ല. അവർക്ക് നോമ്പ് നിര്‍ബന്ധമാകുന്നില്ല. നോമ്പിന് കഴിവുണ്ടാവുക എന്നതാണ് നിബന്ധനകളിലെ പ്രധാനം. പ്രായമേറിയ സ്ത്രീ പുരുഷൻമാരും രോഗികളുമാണ് നോമ്പിന് കഴിവില്ലാത്തവർ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമില്ലാത്ത രോഗങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, സുഖപ്പെടുമെന്ന് പ്രതീക്ഷയുള്ളതും അതോടൊപ്പം നോമ്പനുഷ്ഠിച്ചാല്‍ രോഗിക്ക് പ്രയാസമുണ്ടാക്കുന്നതുമാണ്. അത്തരം രോഗികള്‍ രോഗാവസ്ഥയില്‍ നോമ്പ് ഒഴിവാക്കുന്നത് കുറ്റകരമല്ല. പിന്നീടത് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്. 

മറ്റൊന്ന്, നോമ്പ് അനുഷ്ഠിക്കാന്‍ പ്രയാസമാവുകയും സുഖമാകുമെന്ന് തീരെ പ്രതീക്ഷയില്ലാത്തതുമായ രോഗമാണ്. അത്തരം രോഗികളും നോമ്പെടുക്കേണ്ടതില്ല. ഓരോ നോമ്പിനും പ്രായശ്ചിത്തമായി സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് മാത്രം.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും രോഗികളുടെ നിയമം തന്നെയാണ്. നോമ്പ് കാരണം പ്രയാസപ്പെടുമെങ്കില്‍ നോമ്പെടുക്കേണ്ടതില്ല. പിന്നീടത് നോറ്റുവീട്ടണം. കുട്ടിയുടെ പ്രയാസം കാരണം നോമ്പ് ഉപേക്ഷിക്കേണ്ടിവന്നാല്‍ നോറ്റു വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം നല്‍കുകയും വേണം. 

മതനിബന്ധനയൊത്ത യാത്രക്കാരനും നോമ്പ് ഒഴിവാക്കാവുന്നതാണ്. യാത്ര പ്രയാസം സഹിക്കേണ്ടിവരുന്ന മേഖലയാണ്. യാത്രക്കാരാണെങ്കില്‍ മറ്റു ദിവസങ്ങളില്‍ പരിഹരിക്കുക എന്നാണ് ഖുര്‍ആന്‍ സൂചന നല്‍കിയത്. പ്രയാസമില്ലാത്തവര്‍ക്ക് നോമ്പ് അനുഷ്ഠിക്കുകയും ചെയ്യാം.

യാത്രക്കാർക്കുള്ള പ്രത്യേക ആനുകൂല്യമാണ് നോമ്പ് ഒഴിവാക്കാമെന്നത്. പ്രയാസം സഹിച്ച് ഒരാള്‍ നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കില്‍ അത് കുറ്റകരവുമല്ല. 

സാധാരണ സഹിക്കാന്‍ കഴിയാത്ത പ്രയാസമാണെങ്കില്‍ നോമ്പ് ഒഴിവാക്കലാണ് നല്ലത്. "മതത്തില്‍ നിങ്ങള്‍ക്ക് പ്രയാസമായത് അല്ലാഹു നിശ്ചയിച്ചിട്ടില്ല. എന്നാണ് ഖുർആനിൽ പറഞ്ഞത്.      (തുടരും)

ടി. കെ. മുഹമ്മദലി ചെറൂപ്പ.

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments