നഗരത്തിൽ മയക്കുമരുന്ന് ചാകര കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലും മയക്കുമരുന്ന് മാഫിയ കളുടെ വിളയാട്ടം

mediaworldlive news Kozhikode 
കോഴിക്കോട്:

കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.

വില്‍പ്പനയ്ക്കെത്തിച്ച 794 ഗ്രാം ഹാഷിഷ് ഓയിലും 256 ഗ്രാം എം.ഡി.എം.എയും പൊലീസ് പിടികൂടി. കസബ സബ് ഇന്‍സ്‌പെക്ടര്‍ ജഗ്മോഹന്‍ ദത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത നല്ലളം സ്വദേശി ലബൈക്ക് വീട്ടില്‍ ജെയ്‌സലിനെ ചോദ്യചെയ്തതില്‍ നിന്നാണ് വന്‍ ലഹരി വ്യാപാരത്തിന്റെ ചുരുളഴിഞ്ഞത്. ജെയ്‌സലിനെ കഴിഞ്ഞ ദിവസമാണ് മാങ്കാവില്‍ നിന്ന് 360 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടുന്നത്. ടൗണ്‍ അസി.കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടില്‍ സൂക്ഷിച്ച മയക്കുമരുന്നിനെ കുറിച്ച്‌ വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ ഉള്‍പ്പെടെ മാരക ലഹരിമരുന്ന് ശേഖരം പൊലീസ് പിടികൂടുകയായിരുന്നു.
പത്ത് ലക്ഷം രൂപയോളം വിലവരുന്ന 256 ഗ്രാം എം.ഡി.എം.എയും ഇരുപത് ലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹാഷിഷ് ഓയിലുമാണ് വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. സിന്തറ്റിക് സെമി സിന്തറ്റിക് മയക്കുമരുന്നുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച്‌ വില്‍പ്പന നടത്തിയിരുന്ന ജെയ്‌സല്‍ ആദ്യമായാണ് പൊലീസ് വലയിലാകുന്നത്. ആന്ധ്ര, മണാലി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്ന മയക്കുമരുന്നാണ് വിദ്യാര്‍ത്ഥികളിലേക്ക് ഒഴുക്കിവിടുന്നത്. മയക്കുമരുന്ന് വില്‍പ്പനയിലൂടെ പണം സമ്ബാദിക്കുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ കൂട്ടുകാരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കടമെടുക്കാറാണ് പതിവ്. മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിന് ടൗണ്‍ 

അസി. കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശ പ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.
 മയക്കുമരുന്ന് കടത്ത് പച്ചക്കറിയുടെ മറവിലാണ് നടന്നതെന്ന് പോലീസിന് വിവരം ലഭിച്ചത്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments