കരകുളം കൃഷിഭവൻ സബ് സെന്റർ വട്ടപ്പാറയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു



തിരുവനന്തപുരം:

കരകുളം കൃഷിഭവൻ പരിധിയിലെ കർഷകർക്ക് ആശ്വാസമായി വട്ടപ്പാറ ജംഗ്ഷന് സമീപം കൃഷിഭവന്റെ  സബ് സെന്റർ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.                             

കേരളത്തിൽ ആദ്യമായി കൃഷിഭവൻ നിലവിൽ വന്ന പഞ്ചായത്താണ് കരകുളം.

വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അടക്കം വകുപ്പിലെ മുഴുവൻ സംവിധാനങ്ങളും കർഷകന്റെ കൃഷിയിടത്തിലേക്ക് ഇറങ്ങി വരുന്ന പരിപാടിയാണ് കൃഷിദർശൻ. മൂന്ന് കൃഷി ദർശനുകളിലായി 10 സർക്കാർ ഉത്തരവുകൾ പുറത്തിറക്കാൻ സാധിച്ചു.                          
അത്തരത്തിൽ പുറത്തിറക്കിയ ഒരുത്തരവിന്റെ അനന്തര നടപടിയായാണ് വട്ടപ്പാറയിൽ കൃഷിഭവന്റെ സബ്സെന്റർ ഉദ്ഘാടനം ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

 വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിക്കുന്ന കർഷകർക്ക് വേണ്ടി സോളാർ വേലിയുൾപ്പടെയുള്ള സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് 2 കോടി രൂപ നീക്കിവെച്ചു. കൂടാതെ ആർ കെ വി വൈ പദ്ധതിയിലും കർഷകർക്ക് വേണ്ട ധനസഹായം കണ്ടെത്തും. ഹോർട്ടിക്കോർപ്പ്  കേരളത്തിലെ മുഴുവൻ കർഷകരുടെയും കുടിശിക തുക കൊടുത്തു തീർത്ത ഉത്തരവും പുറത്തിറക്കിയത് നെടുമങ്ങാട് കൃഷിദർശൻ വേദിയിലാണെന്ന് മന്ത്രി പറഞ്ഞു.

കൃഷിയിൽ നിന്നുള്ള വരുമാനത്തിലധികം കർഷകന് ലഭിക്കുവാൻ മൂല്യവർദ്ധനവ് നടത്തണമെന്നും അത്തരം കാർഷിക മൂല്യ വർധിത ആശയങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.                                

അതിനായി 11 വകുപ്പുകൾ സംയോജിപ്പിച്ച് 2109 കോടി രൂപയുടെ പദ്ധതികളുമായി മൂല്യ വർധിത കൃഷി മിഷൻ രൂപീകരിച്ചു. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന തോതിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കും. മൂല്യവർധിത മേഖലയിൽ കർഷകർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുവാൻ രാജ്യത്തിന് അകത്തും പുറത്തുമായി പരിശീലന പരിപാടികൾ  സംഘടിപ്പിക്കും. 

അതിന്റെ ആദ്യപടിയായി  26 ആദിവാസി കർഷകർക്ക് ചെറു ധാന്യങ്ങളുടെ മൂല്യ വർദ്ധനവിൽ പരിശീലനം നൽകി. ഇസ്രായേലിലെ ആധുനിക കൃഷി രീതികൾ പഠിക്കുന്നതിന് ഒരു കർഷകസംഘവും പോയി വന്നു. കൂൺകൃഷി പഠിക്കുന്നതിന് ഒരു സംഘം സോളാനിൽ പങ്കെടുത്തു. ഇത്തരം കർഷകരെ മാസ്റ്റർ കർഷകരാക്കുകയും എല്ലാ കർഷകർക്കും പരിശീലനം നൽകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

എം സി റോഡിന്റെ വികസനം, വട്ടപ്പാറ സി എച്ച് സി, കരകുളം സ്മാർട്ട് വില്ലേജ് ഓഫീസ് തുടങ്ങി മണ്ഡലത്തിലെ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കുന്നതിനുള്ള നിരവധി പദ്ധതികൾ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അഡ്വ. ജി ആർ അനിൽ പറഞ്ഞു.

2023 ജനുവരി 24 മുതൽ 28 വരെ നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ സംഘടിപ്പിച്ച കൃഷിമന്ത്രിയുടെ പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശനിലെ കൃഷിയിട സന്ദർശന വേളയിൽ കർഷകർ ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സബ് സെന്റർ വട്ടപ്പാറയിൽ ആരംഭിക്കുവാൻ ഉത്തരവായത്. കരകുളം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യാനുസരണം ലഭ്യമായ ഉദ്യോഗസ്ഥരിൽ നിന്നും റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രസ്തുത സബ്‌സെന്ററിൽ ലഭ്യമാകും.

മുതിർന്ന കർഷകനായ ദേവദാസനെ വേദിയിൽ മന്ത്രിമാർ ആദരിച്ചു. കൃഷി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് ഐഎഎസ് പദ്ധതി വിശദീകരണം നടത്തി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി,  ഗ്രാമപഞ്ചായത്ത് അംഗം അനിൽ കെ ബി, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം എം സതീശൻ നായർ, NCP ജില്ലാ നിർവാഹക സമിതി അംഗം കെ കുമാരപിള്ള തുടങ്ങിയവർ സംസാരിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ റാണി സ്വാഗതവും കൃഷി ഓഫീസർ അശ്വതി കെ ശശിധരൻ നന്ദിയും പറഞ്ഞു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ.
മീഡിയ വേൾഡ് ലൈവ് ന്യൂസ് തിരുവനന്തപുരം

Post a Comment

0 Comments