17/04/23
കോഴിക്കോട്:
ആളൊഴിഞ്ഞ ഗാലറിയില്‍ ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും സൂപ്പര്‍ ടീമുകള്‍ ഏറ്റുമുട്ടിയിട്ടും സൂപ്പര്‍ കപ്പ് കാണാന്‍ ആരാധകര്‍ എത്താതിരുന്നത് മലബാറിലെ കാല്‍പന്താരാധകര്‍ക്ക് എന്തുപറ്റി എന്ന് ചോദ്യമുയര്‍ത്തിയിരുന്നു.
ശുഷ്കമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി ഒഴികെയുള്ള മറ്റു മത്സരങ്ങളിലെ ആരാധകരുടെ എണ്ണം. സംഘാടനത്തിലും പ്രചാരണത്തിലും ഏറെ പിഴവുകള്‍ ഉണ്ടായെങ്കിലും മൈതാനത്ത് പന്തുരുണ്ടാല്‍ ഗാലറി നിറയ്ക്കുന്ന മലബാറിന്റെ ആരാധക ക്കൂട്ടം എത്താതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ പേരുദോഷം മാറ്റുന്നതായിരുന്നു ഇന്നലെ നിറഞ്ഞ ഗാലറി. വീറും വാശിയും നിറയ്ക്കുന്ന കളിയെത്തിയാല്‍ മറ്റൊന്നിനും പ്രസക്തിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് - ബെംഗളൂരു എഫ്.സി മത്സരത്തിനായി നിറഞ്ഞ ഗാലറി. വിഷു ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയും നോമ്ബ് തുറുന്നും എത്തിയ ആരാധകര്‍ സ്റ്റേഡിയത്തില്‍ ഉത്സവമൊരുക്കി. 8.30ന് നടക്കുന്ന കളികാണാന്‍ വൈകീട്ട് ആറ് മുതല്‍ തന്നെ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
ഐ.എസ്.എല്‍ പ്ലേ ഓഫില്‍ ബെംഗളൂരുവിനെതിരായ വിവാദ മത്സരത്തില്‍ കളിക്കാരെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ച് വിലക്ക് നേരിടുന്ന കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചും ഒന്നായി പോരാടാം ലൗഡ് പ്രൗഡ് റോയല്‍ മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി എന്നീ സ്ഥിരം ബാനറുകളും മഞ്ഞക്കൊടികളുമായെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഗാലറിയെ മഞ്ഞ നിറത്തില്‍ മുക്കി. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ അവേശം പതിമടങ്ങായി. ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഛേത്രി ഉള്‍പ്പടെയുള്ളവര്‍ അണിനിരന്ന ബംഗളൂരു ടീം ഗ്രൗണ്ടിലെത്തിയപ്പോള്‍ ഐ.എസ്.എല്‍. പ്ലേഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയ ക്വിക്ക് ഫ്രീക്കിക്ക് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ഞപ്പടയുടെ ആരാധകര്‍ കൂവി വിളിച്ചു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments