09/04/23
----------------------------------------
മുഹ്സിൻ ശാമിൽ ഇർഫാനി ബദരിയാ മസ്ജിദ് ഇമാം ചെറൂപ്പ
----------------------------------------
മദീനയിൽ നിന്ന് നാലു മർഹല ദൂരമുള്ള മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഒരു സ്ഥലമാണ് ബദ്ർ. ബദ്റുബ്നുൽഹാരിസ് എന്നയാൾ കുഴിച്ച ഒരു കിണർ അവിടെയുണ്ടായിരുന്നു - അതുകൊണ്ടാണ് ഈ സ്ഥലത്തിന് ബദ്ർ എന്ന പേര് വന്നത്.
മക്കയിലെ പീഡനങ്ങളും ത്യാഗ ജീവിതവും ഏറെക്കാലം സഹിച്ച മുഹമ്മദ് നബിയും സ്വഹാബികളും അല്ലാഹുവിൻറെ അനുമതി പ്രകാരം മദീനയിലെത്തി.
ഒരുപാട് കാലം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും അവരോട് തിരിച്ചു യുദ്ധം ചെയ്യാനുള്ള ശക്തിയും സമ്മതവും മുസ്‌ലിങ്ങൾക്കുണ്ടായിരുന്നില്ല. പിന്നീട് മദീനയിലെത്തിയ ശേഷമാണ് യുദ്ധത്തിനു സമ്മതം നൽകിക്കൊണ്ടുള്ള ആയത്തിറങ്ങുന്നത്.
{ أُذِنَ لِلَّذِینَ یُقَـٰتَلُونَ بِأَنَّهُمۡ ظُلِمُوا۟ۚ وَإِنَّ ٱللَّهَ عَلَىٰ نَصۡرِهِمۡ لَقَدِیرٌ }
[Surah Al-Hajj: 39]
(യുദ്ധത്തിന് ഇരയാകുന്നവർക്ക് അവർ ആക്രമിക്കപ്പെട്ടതു കാരണം [തിരിച്ചു യുദ്ധം ചെയ്യാൻ] സമ്മതം നൽകപ്പെട്ടിരിക്കുന്നു. നിശ്ചയം അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളവൻ തന്നെയാകുന്നു.)
മാത്രവുമല്ല, മദീനയിലെത്തിയ മുസ്‌ലിങ്ങളുടെ മൃഗങ്ങളെ മോഷ്ടിച്ചും കൃഷി നശിപ്പിച്ചും മറ്റും ഖുറൈശികൾ പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരുന്നു. കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം അവർ മുസ്ലിംങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ വേണ്ടി നീക്കിവെച്ചു. മുസ്‌ലിംകൾ മക്കയിൽ ഉപേക്ഷിച്ചു പോന്ന സമ്പത്ത് അവർ കയ്യടക്കുകയും കച്ചവടം ചെയ്ത് അതിലൂടെ ലാഭം കൊയ്യുകയും ചെയ്തു.
ആയിടക്കാണ് അബൂ സൂഫിയാന്റെ നേതൃത്വത്തിൽ മക്ക ഖുറൈശികളുടെ കച്ചവട സംഘം ശാമിലേക്ക് പുറപ്പെട്ടത്. മക്കയിൽ ഉപേക്ഷിക്കേണ്ടിവന്ന മുസ്ലിംകളുടെ സമ്പത്തുകളും അവർ കൊണ്ടുപോയിരുന്നു. കച്ചവട വിയോഗത്തിന്റെ മടക്കയാത്രയിൽ അവരെ നേരിടാൻ തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തീരുമാനിച്ചു. ഇതറിഞ്ഞ അബൂസുഫിയാൻ ഖുറൈശികളോട് സഹായം ആരാഞ്ഞു. ഇതാണ് പിന്നീട് യുദ്ധത്തിലേക്ക് നയിച്ചത്.
സത്യവും അസത്യവും ഏറ്റുമുട്ടിയ ഇസ്ലാമിലെ ആദ്യ ധർമ്മസമരത്തിനായിരുന്നു ഹിജ്റ രണ്ടാം വർഷം റമദാൻ 17 വെള്ളിയാഴ്ച ദിവസം ബദ്ർ സാക്ഷിയായത്. സർവ്വായുധ സജ്ജരായ 950 അവിശ്വാസികളെ കേവലം 313 സ്വഹാബികൾ വിശ്വാസത്തിൻറെ പിൻബലത്തോടെ നേരിട്ടു.
അബൂ സുഫിയാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെ സംരക്ഷിക്കാൻ അബൂജഹലും ഖുറൈശികളും സർവ്വായുധ സന്നാഹങ്ങളോടെ പുറപ്പെട്ടു.
പ്രസ്തുത കച്ചവട സംഘത്തിന്റെ നീക്കങ്ങൾ അറിയാൻ വേണ്ടി മുഹമ്മദ് നബി ത്വൽഹ (റ) നെയും സഈദ്(റ) നിയോഗിച്ചു.
അവർ ഹൗറാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ കച്ചവടസംഘം ശാമിൽ നിന്ന് തിരിച്ചു പോകുന്നത് കാണുകയും ഉടനെ നബിയേ വിവരം അറിയിക്കുകയും ചെയ്തു.
ഖുറൈശികളുടെ പുറപ്പാടറിഞ്ഞ തിരുനബി അനുജരുമായി കൂടിയാലോചിച്ചു.
അല്ലാഹുവിൽ ഭരമേല്പിച്ച സ്വഹാബാക്കൾ സമര സജ്ജരായി. മുത്തുനബി (സ) കച്ചവട സംഘമോ യുദ്ധവിജയമോ ലഭിക്കുമെന്ന് സ്വഹാബാക്കൾക്ക് ഉറപ്പു നൽകി.
ശാമിൽ നിന്ന് കച്ചവട സമ്പത്തുമായി മടങ്ങുമ്പോൾ മുസ്ലിങ്ങളുടെ കയ്യിൽ അകപ്പെടുമോ എന്ന ആശങ്ക അബൂ സുഫിയാനെ അലട്ടുന്നുണ്ടായിരുന്നു .
ഹിജാസിലെത്തിയപ്പോൾ അദ്ദേഹം രഹസ്യന്വേഷണം നടത്തി. അപ്പോൾ നബിയും സഹാബികളും തങ്ങളെ കീഴ്പ്പെടുത്താൻ വരുന്നുണ്ടെന്ന് വിവരം അദ്ദേഹത്തിനു ലഭിച്ചു. ഉടനെ രക്ഷപ്പെടാൻ വേണ്ടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് 20 ദീനാർ കൂലി നൽകി ളംളമുബ്നു അംറിനെ അബു സുഫിയാൻ മക്കയിലേക്ക് പറഞ്ഞയച്ചു.
വിവരമറിഞ്ഞ് അബൂസുഫിയാൻ പതിവ് യാത്രാ മാർഗ്ഗം ഉപേക്ഷിച്ച് കടൽത്തീരം വഴി രക്ഷപ്പെട്ടു.
അദ്ദേഹം അബൂജഹലിനോട് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അയാളുടെ അഹങ്കാരം അതിനു വഴങ്ങിയില്ല. അബൂജഹൽ മുസ്ലിങ്ങളെ നേരിടാൻ ഉറച്ചു .
അബൂജഹലിന്റെ ഖുറൈശിപ്പടയും മുസ്ലിം സൈന്യവും ബദ്റിൽ വെച്ച് ഏറ്റുമുട്ടി. സധൈര്യം അടരാടിയ സ്വഹാബാക്കളെ സഹായിക്കാൻ ഇലാഹി മാലാഖമാർ ഇറങ്ങി.
ഘോരമായ യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. പലരും വെട്ടേറ്റ് വീണുകൊണ്ടിരിക്കുന്നു. മലക്കുകളുടെ സഹായം മുസ്ലിം സൈന്യത്തിന് ആത്മ വീര്യം പകർന്നു . സംഭവിക്കുന്നത് എന്തെന്നറിയാതെ ശത്രുക്കൾ അന്താളിച്ചു.
പലരും യുദ്ധക്കളത്തിൽ മരിച്ചു വീണു. രംഗം കണ്ട നബി മൂന്നു പിടി ചരൽ കല്ലുവാരിയെടുത്തു. ആദ്യത്തെ പിടി ശത്രു സൈന്യത്തിന്റെ വലതു ഭാഗത്തേക്കും രണ്ടാമത്തേത് ഇടതുഭാഗത്തേക്കും മൂന്നാമത്തെ അവർക്കിടയിലേക്കും എറിഞ്ഞു.
ന്യൂനപക്ഷമായ മുസ്ലിങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ശത്രുപക്ഷം തോറ്റോടി.
ശത്രുക്കളിൽ 70 പേർ കൊല്ലപ്പെട്ടു. 70 പേരെ ബന്ധികളാക്കി . 14 സ്വഹാബത്ത് ധീര രക്തസാക്ഷിത്വം വരിച്ചു. യുദ്ധമുതലുകളുമായി വിജയശ്രീലാളിതരായി മുത്തുനബിയും സംഘവും മദീനയിലേക്ക് മടങ്ങി. സത്യവും അസത്യവും തമ്മിലുള്ള പ്രഥമ പോരാട്ടത്തിൽ സത്യം വിജയിച്ചു.
"ഒരിക്കൽ നബി (സ) യോട് ജിബിരീൽ (അ) ചോദിച്ചു: നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ബദറിൽ പങ്കെടുത്തവരെ നിങ്ങൾ എങ്ങനെയാണ് കണക്കാക്കുന്നത് ? മറുപടി : അവർ ഞങ്ങളിൽ ഏറ്റവും ഉത്തമരാണ്. അപ്പോൾ ജിബ്‌രീൽ (അ) പറഞ്ഞു: മലക്കുകളുടെ കൂട്ടത്തിൽ നിന്ന് ബദറിൽ പങ്കെടുത്തവരെയും
ഞങ്ങൾ അങ്ങനെയാണ് കണക്കാക്കുന്നത് ".
[അദുർറുൽ മൻസൂർ : 2/307]
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments