റമളാൻ വിശേഷങ്ങൾ

mediaworldlive news Kozhikode 


T K മുഹമ്മദലി. ചെറൂപ്പ

6- റമളാനും ഖുർആനും :-
ഇസ്ലാമിലെ ഒരു പ്രധാന ആരാധനയായ നോമ്പും മുഖ്യ പ്രമാണമായ ഖുർആനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തിന് ആരംഭം കുറിച്ചത്, ആയിരത്തി അഞ്ഞൂറോളം വർഷങ്ങൾക്കു മുമ്പ് ഒരു റമളാന്‍ മാസത്തിലായിരുന്നു.. അന്നുമുതല്‍ അതിന്റെ പാരായണവും ആരംഭിച്ചു. ഇന്നും അത് ഭംഗിയായി തുടരുന്നു. അന്ത്യനാള്‍ വരെ അത് തുടരുകയും ചെയ്യും; തീര്‍ച്ച.

ഖുര്‍ആന്‍ എന്ന പദം സൂചിപ്പിക്കുന്നത് പോലെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന വേദഗ്രന്ഥം ഖുര്‍ആനാണെന്ന് വിശ്വവിജ്ഞാന കോശത്തില്‍ തന്നെ പറയുന്നുണ്ട്. ഖുര്‍ആന്‍ പാരായണം ആരാധനയാണ്. ആസ്വാദനമാണ്. ആത്മീയ ചൈതന്യമാണ്. സംഗീതം ആഗ്രഹിക്കുന്നവര്‍ക്ക് അത് സംഗീതമാണ്. പദ്യം പോലെ ആസ്വദിക്കാനും ഗദ്യം പോലെ പാരായണം ചെയ്യാനും കഴിയുംപോലെയണ് ആ വേദ ഗ്രന്ഥത്തിന്റെ ഘടനാ സംവിധാനം.

ഖുർആൻ അറബി ഭാഷയിലാണ്. പക്ഷേ, മറ്റു അറബി ഗ്രന്ഥങ്ങൾ വായിക്കുന്നതു പോലെയല്ല അത് പാരായണം ചെയ്യേണ്ടത്. ഖുർആൻ പാരായണത്തിന് ചില പ്രത്യേക താളവും രീതിയും ശൈലിയും നിയമങ്ങളുമൊക്കെയുണ്ട്.

എക്കാലത്തെയും സംഗീതപ്രേമികളെ ആകര്‍ഷിക്കുന്ന മാസ്മരികതയും താളാത്മകതയുമാണതിന്. ശബ്ദ സൗന്ദര്യവുമുള്ളവര്‍ നിയമാനുസൃതം ഖുര്‍ആന്‍ ഓതിയാല്‍ ഏത് സംഗീത ചക്രവര്‍ത്തിയും അടിയറവ് പറയേണ്ടിവരും. സാഹിത്യവും സംഗീതവും ഒരേ സമയത്തു തന്നെ ആസ്വദിക്കാൻ കഴിയുന്ന അതിമനോഹരമായ ശൈലിയാണ് വിശുദ്ധ ഖുര്‍ആനിന്റെത്.

ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയാണ് പുണ്യ പ്രവാചകൻ ചെയ്തത്. കഅ്ബാ ശരീഫിന്നരികിലും ജനം കൂടുന്ന മറ്റിടങ്ങളിലും മനോഹരമായി ഓതിക്കേള്‍പ്പിക്കും. വലിയ ജനാവലി ശ്രോദ്ധാക്കളായി തടിച്ചുകൂടും. പാരായണത്തില്‍ ആകൃഷ്ടരായി ജനം ഇസ്‌ലാമിലേക്ക് ഒഴുകും.

ഘലീഫാഉമര്‍ മുതല്‍ ബോക്‌സിംഗ് ഇതിഹാസമായിരുന്ന മുഹമ്മദലി ക്ലേ, പ്രശസ്ത സംഗീതജ്ഞൻ യൂസുഫുൽ ഇസ്ലാം തുടങ്ങിയവർ ഖുര്‍ആനില്‍ ആകൃഷ്ടരായി ഇസ്‌ലാം ആശ്ലേഷിച്ചവരിൽ ചിലർ മാത്രമാണ്.

ഖുർആൻ പാരായണം ചെയ്യുകയും ഖുര്‍ആനിലെ ഏതാനും അധ്യായങ്ങളെങ്കിലും പഠിക്കുകയും മനപ്പാഠമാക്കുകയും ചെയ്യാത്ത ഒരു മുസ്‌ലിം പോലും ലോകത്തുണ്ടാവില്ല. അതുപോലെ ഒരു ശരാശരി മുസ്ലിം റമളാനിൽ ഒരു തവണയെങ്കിലും ഖുർആൻ മുഴുവൻ പാരായണം ചെയ്തിരിക്കും. മുസ്ലിംകളിൽ പലരും റമളാനിൽ പല തവണ  ഖുർആൻ മുഴുവൻ പാരായണം ചെയ്യുന്നവരാണ്. ഏറ്റവും ചുരുങ്ങിയത് ഒരു പതിനഞ്ച് മണിക്കൂറെങ്കിലും വേണം സാധാരണ രീതിയിൽ ഖുർആൻ മുഴുവൻ ഒരു തവണ പാരായണം ചെയ്യാൻ. 

ആശയം ആലോചിച്ചു കൊണ്ടുള്ള പാരായണമാണ് സമ്പൂര്‍ണ്ണ ഫലം ലഭിക്കുന്നത്. അത് ഹൃദയ സംസ്‌കരണത്തിനുള്ള ഒറ്റ മൂലിയായി മതം പരിചയപ്പെടുത്തുന്നുണ്ട്. 

ഖുര്‍ആന്‍ പാരായണത്തില്‍ സജീവമാകുന്നവരെ കുറിച്ച് ഭൂമിയില്‍ അല്ലാഹുവിന്റെ സ്വന്തക്കാര്‍ എന്നാണ് പ്രവാചകൻ പരിചയപ്പെടുത്തുന്നത്. അവര്‍ അല്ലാഹുവിന്റെ പ്രത്യേകക്കാരാണ്. രണ്ട് ലോകത്തും ഉന്നത പരിഗണന ലഭിക്കുന്നവര്‍. ഖുര്‍ആന്‍ നേരിട്ട് ശിപാര്‍ശ ചെയ്ത് അവരെ രക്ഷപ്പെടുത്തും എന്നാണ് ഇസ്ലാമിക പാഠം.

പൂര്‍ണ ശുദ്ധിയോടും ഹൃദയ സാന്നിധ്യത്തോടും പാരായണ മര്യാദ പാലിച്ചു കൊണ്ടുമാണ് ഖുര്‍ആന്‍ ഓതേണ്ടത്. ഖുർആൻ ഓതുന്നത് കേള്‍ക്കലും ഖുര്‍ആനിലേക്ക് നോക്കിയിരിക്കല്‍ പോലും വലിയ പ്രതിഫലമുള്ള കാര്യമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ചുരുക്കത്തിൽ ഖുർആൻ കൂടുതൽ വായിക്കപ്പെടുകയും ചർച്ചകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന മാസമാണ് പവിത്രമായ റമളാൻ.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments