19/04/24
ദുബൈ
റമസാന്‍ 29 ആയ വ്യാഴാഴ്ച വൈകുന്നേരം ചന്ദ്രക്കല നിരീക്ഷിക്കാന്‍ രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും യു എ ഇയുടെ ചാന്ദ്രദര്‍ശന സമിതി ആഹ്വാനം ചെയ്തു.
ചന്ദ്രക്കല കാണുന്നവര്‍ 026921166 എന്ന നമ്പറിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നും സാക്ഷ്യം രേഖപ്പെടുത്താന്‍ അടുത്തുള്ള കോടതിയെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ വെള്ളിയാഴ്ച ആയിരിക്കും യു എ ഇയില്‍ ഈദുല്‍ ഫിത്വര്‍. ഇല്ലെങ്കില്‍ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ച ഈദ് ആഘോഷിക്കും.
റമസാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ യു എ ഇയില്‍ ഔദ്യോഗിക ഈദ് അല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇത് കാണാന്‍ കഴിഞ്ഞേക്കും.
ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും എല്ലാ ഭാഗങ്ങളില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനി കൊണ്ടോ ചന്ദ്രക്കല കണ്ടെത്തുക സാധ്യമല്ലായിരിക്കാം കേന്ദ്രം വിശദമാക്കി.
ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന് രാജ്യത്ത് ഒരുക്കങ്ങള്‍ കഴിഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഈദ് ആഘോഷിക്കാന്‍ യു എ ഇയിലുടനീളമുള്ള നഗരങ്ങള്‍ പരിപാടികളാല്‍ സജീവമാകും. തെരുവുകള്‍ വര്‍ണ്ണാഭമായ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചു തുടങ്ങി. പൗരന്മാരും പ്രവാസികളും ഈദ് ആഘോഷങ്ങള്‍ക്കായി ഒരുങ്ങുകയാണ്.
മീഡിയ വേൾഡ് ന്യൂസ് ഗൾഫ് റിപ്പോർട്ട്

0 Comments