നാളെ മുതൽ സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത്

mediaworldlive news Kozhikode 

19/04/23
തിരുവനന്തപുരം:

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്.

സംസ്ഥാനത്ത് നാളെ മുതല്‍ നിയമം ലംഘിച്ചാല്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം നല്ലൊരു ഗതാഗത സംസ്‌കാരം വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

കാറിന്റെ മുന്‍വശത്തിരുന്ന് സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഗര്‍ഭിണികള്‍ യാത്ര നടത്തിയാലും പിഴ ഈടാക്കുമെന്നും കാറിന്റെ പുറകില്‍ ഉള്ളവര്‍ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങളെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച്‌ പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളാണ് ഉള്ളത്.

അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ കണ്ടെത്തും. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ഡ്രൈവിങ് ചെയ്താല്‍ 2000 രൂപ, അനധികൃതപാര്‍ക്കിങിന് 250 രൂപ, പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപയാണ് പിഴയെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് വ്യാഴാഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതും മോട്ടോര്‍ വാഹനവകുപ്പിന്റെ മറ്റൊരു ലക്ഷ്യമാണ്.

ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചാല്‍ ഓരോ നിയമ ലംഘനത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കും. ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച്‌ പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ചുമത്തും.
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം റിപ്പോർട്ട്

Post a Comment

0 Comments