കണ്ണൂർ:
അക്രമി തീയിട്ടതിനെ തുടര്‍ന്ന് ആലപ്പുഴ
കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്നും വീണ് മരിച്ച പിഞ്ചുകുഞ്ഞടക്കമുള്ള മൂന്നുപേരുടെയും മയ്യിത്തുകൾ ഖബറടക്കി.
പാലോട്ടുപള്ളി ബദ്രിയ്യ മന്‍സില്‍ റഹ്മത്തിന്റെ മൃതദേഹം പാലോട്ടുപള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീക്കിന്റേത് എടയന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും രണ്ടര വയസ്സുകാരി സഹറ ബത്തൂലിന്റേത് കോഴിക്കോട് ചാലിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്.
പാലോട്ടുപള്ളി ബദ്രിയ്യ മന്‍സില്‍ പരേതനായ അബ്ദുറഹ്മാന്റെയും ജമീലയുടെയും മകള്‍ മാണിക്കോത്ത് റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെയും ശുഹൈബ് സഖാഫിയുടെയും മകള്‍ സഹറ ബത്തൂല്‍ (രണ്ടര വയസ്), കണ്ണൂര്‍ പട്ടാന്നൂരിനടുത്ത് കൊടോളിപ്രം വരുവക്കുണ്ടിലെ കെ പി നൗഫീക്ക് (39) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ എലത്തൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. തീ പടരുന്നത് കണ്ട് ഭയന്ന ഇവര്‍ ട്രെയിനില്‍നിന്ന് ചാടിയതാകാമെന്നാണ് നിഗമനം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റഹ്മത്തിന്റെ ബന്ധു റാസിക് പൊള്ളലേറ്റ് കോഴിക്കോട്ട് ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് നോമ്ബ് തുറയ്ക്കുശേഷം റഹ്മത്തും റാസിക്കും സഹറ ബത്തൂലിനെയുംകൂട്ടി ചാലിയത്തുനിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്നു. റഹ്മത്തിന്റെ ബാപ്പ അബ്ദുറഹിമാന്റെ ചരമവാര്‍ഷികദിനമായ ചൊവ്വാഴ്ച ബന്ധുക്കള്‍ ഒത്തുചേരാനിരുന്നതാണ്. സഹറ ബത്തൂലിന്റെ ബാപ്പ ശുഹൈബ് വിദേശത്താണ്. ഉമ്മ ജസീലക്ക് അധ്യാപക പരിശീലനത്തിന് പോകേണ്ടതിനാല്‍ കൂടെ വരാനായില്ല. കുട്ടിയെ മാത്രം ഒപ്പം കൂട്ടുകയായിരുന്നു. ജസീലയും ബന്ധുക്കളും ചൊവ്വാഴ്ച മട്ടന്നൂരിലേക്ക് വരാനിരുന്നതുമാണ്. ആയിഷ ഫാത്തിമയാണ് സഹറയുടെ സഹോദരി.
സി എം ഷറഫുദ്ദീനാണ് റഹ്മത്തിന്റെ ഭര്‍ത്താവ്. മകന്‍: റംഷാദ് (ബംഗളൂരു). സഹോദരങ്ങള്‍: ഹമീദ്, ഹുസൈന്‍, സത്താര്‍, സഅദ് സഖാഫി, ജുബൈരിയ, ജസീല.
ഉണക്കമത്സ്യ വ്യാപാരിയായ കെ പി നൗഫീക്ക് മലപ്പുറത്ത് മതപ്രഭാഷണം കേള്‍ക്കാനും തുടര്‍ന്നുള്ള സമൂഹനോമ്ബുതുറയില്‍ പങ്കെടുക്കാനും പോയതായിരുന്നു. പരിപാടി കഴിഞ്ഞ് ട്രെയിനില്‍ കയറിയതാണ്. കൊടോളിപ്രം വരുവാക്കുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് പരേതരായ അബൂബക്കറിന്റെയും പാത്തുമ്മയുടെ മകനാണ്. ഭാര്യ: ബുഷറ. മക്കള്‍: ഹുദ, ഫിദ (ഇരുവരും കുന്നോത്തുപറമ്പ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍), മുഹമ്മദ് ഇസ്മയില്‍. സഹോദരങ്ങള്‍: സക്കീന, നാസര്‍, ഷഫീക്ക്, സെനീറ, സലീം, നൗഷാദ്, നൗഫല്‍, പരേതയായ സുഹറ.
മീഡിയ വേൾഡ് ന്യൂസ് കണ്ണൂർ റിപ്പോർട്ട്

0 Comments