ഡിഫറന്റ് ആര്‍ട് സെന്ററിലെ പരിസ്ഥിതിദിനാഘോഷം മന്ത്രി പി.പ്രസാദ് ഉ്ദഘാടനം ചെയ്തു

mediaworldlive news Kozhikode 


തിരുവനന്തപുരം: 
06/06/23

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും ഗുണവുമൊക്കെ ഭിന്നശേഷിക്കുട്ടികളുമായി പങ്കിട്ട് കൃഷി മന്ത്രി പി.പ്രസാദ് ഡിഫറന്റ് ആര്‍ട് സെന്ററിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.  നല്ല നാളേയ്ക്ക് വേണ്ടി നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളുടെ ഫലം വരും തലമുറകള്‍ക്കാണ് ഗുണം ചെയ്യുക. നാം അനുഭവിക്കുന്നത് മുന്‍തലമുറ നമുക്കായ് കരുതിവച്ചതാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടി അദ്ദേഹം നടത്തി.   തുടര്‍ന്ന് പ്ലാനറ്റ് എര്‍ത്ത് അവാര്‍ഡ് കരസ്ഥമാക്കിയ ഭിന്നശേഷിക്കാരനായ പ്രണവ് യേശുദാസിന് മന്ത്രി വൃക്ഷത്തൈ വിതരണം ചെയ്തു.  ഇതോടെ സെന്ററിലെ 300 കുട്ടികളും വൃക്ഷത്തൈകള്‍ പരസ്പരം കൈമാറി. മരത്തെ നിരീക്ഷിക്കുവാനും അതിനുണ്ടാകുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തുവാനായി തയ്യാറാക്കിയ ആക്ടിവിറ്റി ബുക്കിന്റെ പ്രകാശനം മന്ത്രി ഹിറ്റ് എഫ്.എം ന്യൂസ് ഹെഡ് ഷാബു കിളിത്തട്ടിലിന് കൈമാറി നിര്‍വഹിച്ചു.  2022ലെ പ്ലാനറ്റ് എര്‍ത്ത് അവാര്‍ഡ് കരസ്ഥമാക്കിയ ഭിന്നശേഷിക്കാരനായ പ്രണവ് യേശുദാസിനെയും ഡിഫറന്റ് ആര്‍ട് സെന്ററിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകരായ മനേഷ് എസ്.എസ്, ഷിബി മേരി ഷാജി എന്നിവരെയും മന്ത്രി മെമെന്റോ നല്‍കി ആദരിച്ചു.  പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലെ മികവിനാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരനായ പ്രണവ് യേശുദാസിനെ കഴിഞ്ഞ വര്‍ഷത്തെ പ്ലാനറ്റ് എര്‍ത്ത് അവാര്‍ഡിന് തിരഞ്ഞെടുത്തത്.  എനിക്കൊരു മരം നിനക്കൊരു മരം നമുക്കൊരു വനം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.  സെന്ററിലെ മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ എഴുതി സംഗീതം ചെയ്ത പ്രകൃതി അമ്മ എന്ന കവിത ഭിന്നശേഷിക്കുട്ടികള്‍ ആലപിച്ചു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ 
ഫാം ഇൻഫർമേഷൻ ബ്യുറോ തിരുവനന്തപുരം
മീഡിയ വേൾഡ് ന്യൂസ്

Post a Comment

0 Comments