മുൻ കൃഷി വകുപ്പ് മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു പി പ്രസാദ്



തിരുവനന്തപുരം: 
31/07/23

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവും മുൻ കൃഷിവകുപ്പ് മന്ത്രിയുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അനുശോചിച്ചു. 1971 - 77 കാലഘട്ടത്തിൽ വക്കം കൃഷി മന്ത്രിയായിരുന്ന കാലത്ത് പ്രത്യേക സാമ്പത്തിക സഹായത്തോടെ വിളകൾക്ക് പ്രത്യേക പദ്ധതികൾക്ക് തുടക്കം കുറിച്ചു. നാളീകേര വികസനത്തിനായി കോക്കനട്ട് പാക്കേജ് പ്രോഗ്രാം കൊണ്ടുവന്നു. ഏലാ പദ്ധതി വ്യാപകമാക്കിയതും കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ആരംഭിച്ചതും 7 വർഷം നീണ്ടു നിന്ന കുട്ടനാട് വികസന പദ്ധതി നടപ്പിലാക്കിയതും വക്കം പുരുഷോത്തമൻ കൃഷിമന്ത്രിയായിരുന്ന കാലത്താണ്. ധന, നിയമ, എക്സൈസ്, തൊഴിൽ വകുപ്പുകളും ഏറെ ശ്രദ്ധേയമായി നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പഞ്ചായത്ത് മെമ്പറായും നിയമസഭ, പാർലമെന്റ് അംഗമായും ഗവർണ്ണറായും വക്കം പ്രവർത്തിച്ചു. വിവാദങ്ങളിൽപ്പെട്ടാലും തന്റെ നിലപാടിലും തീരുമാനങ്ങളിലും ഉറച്ച് നിന്ന കർക്കശ്ശക്കാരനായ രാഷ്ട്രീയ നേതാവായിരുന്നു വക്കം പുരുഷോത്തമൻ. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ  കേരളത്തിന് ശക്തനായ ഒരു കാരണവരെയാണ് നഷ്ടപ്പെട്ടത്. വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും സംസ്ഥാന കൃഷിവകുപ്പിന്റെ അനുശോചനം അറിയിക്കുന്നതായി കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു.
കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസ് തിരുവനന്തപുരം

Post a Comment

0 Comments