മക്ക:
മക്കയിലേയും മദീനയിലുമുള്ള
ഇരുഹറമുകള്‍ക്കും ലോകത്തിെൻറ വിവിധഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും സേവനം ചെയ്യാനുള്ള അവസരം കിട്ടിയതിൽ ഏറ്റവും വലിയ ബഹുമതിയാണെന്നും അത് ലഭിച്ചതില്‍ സൗദി അറേബ്യ അഭിമാനിക്കുന്നുവെന്നും ഭരണാധികാരി സല്‍മാൻ രാജാവ് പറഞ്ഞു.
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വൻ വിജയമാക്കാൻ മഹത്തായ സംഭാവന നല്‍കിയ എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. രോഗങ്ങളും പകര്‍ച്ചവ്യാധികളുമില്ലാതെ ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് നടന്നതില്‍ സര്‍വശക്തനായ ദൈവത്തിന് രാജാവ് സ്തുതിയര്‍പ്പിച്ചു.
ഹജ്ജ് പ്രവര്‍ത്തന പദ്ധതി തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും കാട്ടിയ ശുഷ്‌കാന്തിയെ പ്രകീര്‍ത്തിച്ച സല്‍മാൻ രാജാവ് സുരക്ഷ, പ്രതിരോധ, സംഘടന, ആരോഗ്യം, സേവന, ഗതാഗത വകുപ്പുകള്‍ തികഞ്ഞ ഏകോപനത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്ബുള്ള തീര്‍ഥാടകരുടെ എണ്ണത്തിലേക്ക് എത്താൻ ഇതിടയാക്കി. ആധ്യാത്മികതയും സമാധാനവും നിറഞ്ഞ വിശ്വാസദീപ്തമായ അന്തരീക്ഷത്തില്‍ ഹജ്ജ് കര്‍മങ്ങള്‍ സുഗമമായും സുഖകരമായും നിര്‍വഹിക്കാൻ വഴിയൊരുക്കപ്പെട്ടത് ദൈവകൃപയെണെന്ന് അദ്ദേഹം അനുസ്മരിച്ചു.
രണ്ട് വിശുദ്ധ പള്ളികളെയും ഹജ്ജ്, ഉംറ തീര്‍ഥാടകരെയും സന്ദര്‍ശകരെയും സേവിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ലോകം നല്‍കുന്ന ഈ ബഹുമതി ഞങ്ങളെ സംബന്ധിച്ച് വലിയ ഒരു ഉത്തരവാദിത്തമാണ്. അത് നിറവേറ്റാൻ ഭൗതികമായ എല്ലാ കഴിവുകളും മനുഷ്യവിഭവങ്ങളും ഞങ്ങള്‍ വിനിയോഗിച്ചു -അദ്ദേഹം പറഞ്ഞു. അതേസമയം വിജയകരമായ ഹജ്ജ് ഓപറേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും സര്‍ക്കാര്‍, സ്വകാര്യ ഏജൻസികളും നടത്തിയ ശ്രമങ്ങളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാൻ അഭിനന്ദിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് മക്ക റിപ്പോർട്ട്

0 Comments