ചെറൂപ്പ:
26/04/2024
വോട്ടിംഗിനെ പറ്റിയുള്ള ഈ കുറിപ്പ് തയാറാക്കുന്നത് 3.30 (PM)നാണ്. വ്യക്തമായി പറഞ്ഞാൽ രണ്ടാം തവണയും വോട്ട് ചെയ്യാൻ പോയി ചെയ്യാതെ വീട്ടിലേക്കു തന്നെ തിരിച്ച് വന്നാണ് ഇത് കുത്തിക്കുറിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ബൂത്ത് നമ്പർ 104 ലാണ് ഈ വിനീതൻ വോട്ട് രേഖപ്പെടുത്തേണ്ടത്. രാവിലെ ഏതാണ്ട് 9 മണിക്ക് വോട്ട് ചെയ്യാൻ പോയിരുന്നു. പക്ഷേ നീണ്ട ക്യൂ കണ്ട് തിരിച്ചു പോന്നു.
വോട്ടർമാരുടെ ആധിക്യമല്ല, രാവിലെ ഒന്നര മണിക്കൂറോളം വോട്ടിംഗ് മെഷീൻ പണിമുടക്കിയതു കൊണ്ടാണ് ക്യൂവിന്റെ നീളം അധികരിക്കാനുള്ള കാരണമെന്നാണ് അറിയാൻ സാധിച്ചത്.
ഒരു മണിക്കൂറിലധികം കാത്തു നിന്നിട്ടും മെഷീൻ കംപ്ലയിന്റ് ശരിയാക്കാൻ കഴിയാത്തതിനാൽ രാവിലെ പലരും തിരിച്ചു പോയി എന്ന് പറയുന്നതും കേട്ടു. ജോലി ഒഴിവാക്കാൻ പറ്റാത്ത തൊഴിലാളികളിൽ പലരും ഇനി വീണ്ടും വോട്ടുചെയ്യാൻ വരാനിടയില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഉച്ച സമയത്തും വോട്ടിംഗ് യന്ത്രം പണിമുടക്കിലായിരുന്നു പോൽ! അപ്പോൾ ഇപ്പോഴത്തെ കംപ്ലയിന്റ് മൂന്നാമത്തേതാണ്. ഇനിയും ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനും വയ്യ.
മാവൂർ പഞ്ചായത്തിൽ വോട്ടിംഗ് പൊതുവെ സമാധാനത്തിലും സാവധാനത്തിലാണ്. ഈ ബൂത്തിലെ ഇതുവരെയുള്ള പോളുംഗ് ഏതാണ്ട് 40 ശതമാനമാണ്. 70% വരെയാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്ന പോളിംഗ്.
മൂന്നാമത്തെ ശ്രമത്തിനായി തൽക്കാലം എഴുത്ത് നിർത്തുന്നു.
ടി.കെ മുഹമ്മദലി. ചെറൂപ്പ
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments