"""""""""""""""""""""""""""""""""""""""""""""""""""""""""""""
T K മുഹമ്മദലി. ചെറൂപ്പ
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
4) വ്രതകാലം: ട്രൈനിംഗ് പിര്യേഡ്:-
ലോക മുസ്ലിംകളുടെ നിർബന്ധ വ്രതാനുഷ്ഠാന മാസമാണ് റമളാൻ.
ഇസ്ലാമിലെ ഈ വ്രത്രകാലത്തെ പക്വമായ പരിശീലനത്തിന്റെയും തീവ്രമായ പാകപ്പെടുത്തലുകളുടെയും കാലയളവായി വിശേഷിപ്പിക്കാം.
തൊട്ടടുത്ത് വിഭസമൃദ്ധമായ ഭക്ഷണം തയ്യാറാണെങ്കിലും നോമ്പെടുത്ത് വിശന്നുവലഞ്ഞ ഒരു വ്യക്തി ഇഫ്താർ സമയത്തിന്റെ ഒരു മിനിറ്റ് മുമ്പ് പോലും ആ ഭക്ഷണം കഴിക്കാൻ തുനിയുന്നില്ല; ആഗ്രഹിക്കുന്നുമില്ല.
വേനലിന്റെ കൊടും ചൂടേറിയ ഈ പകലുകളിൽ അതി ശക്തമായ ദാഹം അനുഭവപ്പെടുമ്പോഴും അംഗസ്‌നാനം ചെയ്യുമ്പോഴെങ്കിലും ദിവസം പല തവണ തണുപ്പുള്ള ശുദ്ധജലം നോമ്പുകാരന്റെ വായക്കകത്ത് എത്തുന്നുണ്ട്.
പക്ഷേ, ഒരു തുള്ളി പോലും നോമ്പുകാരൻ അകത്തേക്കിറക്കുന്നില്ല. ഇങ്ങനെ വിശപ്പും ദാഹവും ലൈംഗിക വികാരങ്ങളും വാക്കും നോക്കും മാത്രമല്ല, എന്തും ഏതും സഹിക്കാനും നിയന്ത്രിക്കാനുമുള്ള ആത്മീയ ബോധവും അവയവ നിയന്ത്രണവും മരണം വരെ നിലനിർത്താൻ അവന് പരിശീലനം നൽകുകയാണ് മുപ്പത് വ്രതദിനങ്ങളിലൂടെ.
"നിങ്ങൾ ഭയഭക്തി ഉള്ളവരാകാൻ വേണ്ടിയാണ് നോമ്പ് നിർബന്ധമാക്കിയത്" എന്ന വിശുദ്ധ ഖുർആന്റെ സന്ദേശം അക്ഷരാർത്ഥത്തിൽ അംഗീകരിക്കുന്നതു കൊണ്ടാണ് ഒരു വിശ്വാസി ഈ പരുവത്തിൽ പാകപ്പെടുന്നത്. ചുരുക്കത്തിൽ റമളാനല്ലാത്ത സമയങ്ങളിൽ അനുവദനീയമായിരുന്ന പലതും റമളാനിൽ ഒഴിവാക്കൽ സത്യവിശ്വാസിക്ക് അഭികാമ്യമായി മാറുകയാണ്.
അഥവാ, അർഹമായ പലതിൽ നിന്നും കൈ വലിച്ച് സൂക്ഷ്മതയാർന്ന, ദൈവഗന്ധിയായ ജീവിത വീക്ഷണത്തിലേക്ക് റമളാൻ മനുഷ്യനെ ഉയർത്തുകയാണ്.
അനുഭവമാണ് ഏറ്റവും ശ്രേഷ്ഠമായ ഉന്നതഗുരു. വിശപ്പറിയുന്നവന് സഹജീവിയുടെ ഉദരത്തിന്റെ ഉൾവിളികൾ ഗ്രഹിക്കാനാവും. അവൻ പട്ടിണിപ്പാവങ്ങളെക്കുറിച്ചോർക്കും. തത്ഫലമായി ഉദാരതയും സഹജീവി കരുണയും ചുരത്തുന്ന മനുഷ്യനായി വിശ്വാസി മാറും. ദൗർബല്യങ്ങളും ബലഹീനതകളും എറെയുള്ള മനുഷ്യ ശരീരത്തെ സംസ്‌കരിക്കാനും മെരുക്കിയെടുക്കാനുമുള്ള വഴിയും മാർഗവുമാണ് വിശപ്പ്.
വലിയ വിന വരുത്തിവെക്കുന്ന അവയവമാണ് നാവ്. ശവം തീനികളോടാണ് പരദൂഷണക്കാരെ ഇസ്ലാമിന്റെ പ്രവാചകൻ ഉപമിച്ചിരിക്കുന്നത്.
ഏറ്റവും വലിയ വിഡ്ഢിയാണ് പരദൂഷണക്കാരൻ. തന്റെ നന്മകൾ മുഴുവനും അപരന് വിതരണം ചെയ്യുക, അവന്റെ തിന്മകൾ ഏറ്റെടുക്കേണ്ടിവരിക എന്ന ലാഭ രഹിതമായ വ്യാപാരമാണ് പരദൂഷണം എന്നാണ് ഇസ്ലാമിന്റെ അധ്യാപനം.
അതുകൊണ്ടാണ് ഫുളൈലുബ്‌നു ഇയാള് (റ) പറഞ്ഞത്, ഞാൻ ആരെയും കുറ്റം പറയില്ല. അഥവാ പറയുകയാണെങ്കിൽ ഉമ്മയേയും ഉപ്പയേയും മാത്രമേ പറയൂ. അവരെ സംബന്ധിച്ച് പറയാനുള്ള അനുമതി നൽകുകയല്ല മഹാൻ ചെയ്തത്. മറിച്ച് അന്യർക്ക് സൽകർമ്മ ഫലങ്ങൾ കൊടുക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസമാണ്. വിഷയം ഗൗരവമാണെന്നർത്ഥം..!!
മൗനമവലംബിച്ചവൻ രക്ഷപ്പെട്ടുക്കഴിഞ്ഞു എന്ന പ്രവാചക വചനത്തിന്റെ ആഴങ്ങളന്വേഷിക്കുന്ന ഇമാം ഗസ്സാലി (റ) സംസാരത്തെ നാലായി തരംതിരിക്കുന്നുണ്ട്: ഉപകാരം മാത്രമുള്ളത്, ഉപദ്രവം മാത്രമുള്ളത്, രണ്ടും കലർന്നത്, രണ്ടിന്റെയും സാന്നിധ്യമില്ലാത്തത്. ഉപകാരം മാത്രമുള്ളതാണ് വിശ്വാസികൾ പറയേണ്ടത്. അപ്പോഴാണ് മൗനത്തിന്റെ പ്രസക്തി ബോധ്യപ്പെടുക.
ഒരു യഥാർത്ഥ വിശ്വാസി നോമ്പനുഷ്ഠിക്കുമ്പോൾ ഏഷണി, പരദൂഷണം, അനാവശ്യവും വ്യർത്ഥവുമായ സംസാരങ്ങൾ എന്നിവയിൽ നിന്നെല്ലാം നാവിലെ സൂക്ഷിക്കുകയും കൂടി ചെയ്യുന്നു. നല്ലത് മാത്രം പറയുക, അല്ലെങ്കിൽ മൗനം പാലിക്കുക. ഇതായിരിക്കും അവന്റെ സംസാര രീതി. ചുരുക്കത്തിൽ വ്രതം ചില പരിശീലനങ്ങൾക്കും പാകപ്പെടുത്തലുകൾക്കും കാരണമാകുന്നുണ്ട്. (തുടരും) ▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments