കോഴിക്കോട്:
കൂടത്തായ് കൊലക്കേസ് പരമ്പരയിലെ റോയ് തോമസിന്റെ കൊലപാതകത്തിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് പ്രതിയായ ജോളി വിസമ്മതിച്ചതായി സാക്ഷി മൊഴി.
കേസിലെ 23ാം സാക്ഷി അമ്ബലക്കുന്നത്ത് കെ. അശോകനാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി എസ്.ആര്‍.ശ്യാംലാല്‍ മുമ്ബാകെ നിര്‍ണായകമൊഴി നല്‍കിയത്. 2011 സെപ്തംബര്‍ 30ന് രാത്രി പൊന്നാമറ്റത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ റോയ് തോമസിനെ പുറത്തെടുക്കാന്‍ അയല്‍വാസി ബാവയ്‌ക്കൊപ്പം അശോകനായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്നത്. ആശാരിപ്പണിക്കാരനായ അശോകന്‍ ഉളിയും കത്തിയും ഉപയോഗിച്ച് വാതില്‍ പൊളിച്ച ശേഷമാണ് കുഴഞ്ഞുവീണ റോയ് തോമസിനെ പുറത്തെടുത്തത്.
തുടര്‍ന്ന് അശോകനും ബാവയും ചേര്‍ന്ന് റോയ് തോമസിനെ ആദ്യം ഓമ്മശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് റോയ് തോമസിന്റെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ആശുപത്രിയില്‍ വച്ച് തന്നെ ജോളി ആവശ്യം നിരാകരിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് റോയ് തോമസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഹൃദയ സ്തംഭനം മൂലമാണ് മരിച്ചതെന്നും ജോളി പറഞ്ഞിരുന്നതായി അശോകന്‍ മൊഴി നല്‍കി.
രാത്രി ഏറെ വൈകിയതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ കഴിയാതെ വന്നതോടെ മൃതദേഹം ആശുപത്രിയില്‍ തന്നെ അന്ന് സൂക്ഷിച്ചിരുന്നു. പിന്നീട് അടുത്ത ദിവസം ബന്ധുക്കളെല്ലാം ആശുപത്രിയിലേക്ക് പോകാനൊരുങ്ങവെ അശോകന്‍ പൊന്നാമറ്റത്തെ വീട്ടിലെത്തിയിരുന്നു. ഈ സമയത്തും പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടതില്ലെന്ന് ജോളി തന്നോട് പറഞ്ഞിരുന്നതായും അശോകന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു. കേസില്‍ ഇന്നലെ ഒരു സാക്ഷിയെ മാത്രമാണ് വിസ്തരിച്ചത്.
ഇനിയും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments