കോഴിക്കോട്:
20/04/23:
ചന്ദ്രപ്പിറവി കണ്ടാൽ മാത്രം പെരുന്നാൾ ഉറപ്പിക്കുന്ന മറ്റ് മുസ്ലിം സംഘടനകളുടെ പതിവിന് വിരുദ്ധമായി നാളെ ചെറിയ പെരുന്നാൾ ഉറപ്പിച്ച് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ. ഇന്ന് ഏപ്രിൽ 20 ചന്ദ്രമാസത്തിന്റെ സമാപനമായതിനാൽ അമാവാസി (ന്യൂമൂൺ) സംഭവിക്കുമെന്നും അതിനാൽ സ്വഭാവികമായും ശവ്വാൽ ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന ഈദ്ഗാഹുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
കാപ്പാട് കടപ്പുറത്ത് സ്ഥിരമായി ‘മാസപ്പിറവി കാണുന്നത്’ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മാസപ്പിറവി കണ്ടെന്ന പേരിൽ സ്ഥിരമായി റമദാൻ വ്രതവും പെരുന്നാളുകളും പ്രഖ്യാപിക്കുന്ന കേരളത്തിലെ ഖാദിമാരുടെയും പണ്ഡിതന്മാരുടെയും രീതി പ്രമാണവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്. ഏതെങ്കിലും ഖാദിമാരോ പണ്ഡിതന്മാരോ കേരളത്തിലെ വിവിധ സംഘടനകളുടെ നേതാക്കളോ പ്രവർത്തകരോ ആരും തന്നെ നേരിട്ട് പിറവി കണ്ടതായി അവകാശപ്പെട്ട് ഇതുവരെ രംഗത്തുവന്നിട്ടില്ല. അഥവാ അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരെ മാധ്യമങ്ങൾക്ക് മുന്നിലോ ശാസ്ത്രസമൂഹത്തിന് മുന്നിലോ ഹാജരാക്കാനും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടുമില്ലെന്നും ഭാരവാഹികൾ
വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹിജ്റ കമ്മിറ്റി ജനറൽ സെക്രട്ടറി പി.എസ് ഷംസുദ്ദീൻ, ട്രഷറർ ഡോ. കോയക്കുട്ടി ഫാറൂഖി, ജോ.സെക്രട്ടറി വി.പി ഫിറോസ്, സംസ്ഥാന പ്രവർത്തസമിതി അംഗം ടി അബ്ദുൽഷുക്കൂർ പങ്കെടുത്തു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments