തിരുവനന്തപുരം:
മധുര പാസഞ്ചറിൽ പുനലൂർ സ്വദേശികളായ ഭാര്യയ്ക്കും ഭർത്താവിനും നേരെ അക്രമണം
എലത്തൂരില്‍ ട്രെയിനിന് തീ കൊളുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്ബ് വീണ്ടും ട്രെയിനില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണം.
പുനലൂര്‍ - മധുര പാസഞ്ചറിലാണ് സംഭവം. എസ്-6 റിസര്‍വേഷന്‍ കോച്ചിലെ യാത്രക്കാരായിരുന്ന പുനലൂര്‍ ആവണീശ്വരം സ്വദേശി മോഹനന്‍ പിള്ളയ്ക്കും ഭാര്യയ്ക്കും മകന്‍ റിനുവിന്റെ ഭാര്യാമാതാവിനും നേരെയാണ് ആക്രമണമുണ്ടായത്. പുനലൂരില്‍ നിന്നും പേട്ട പാല്‍കുളങ്ങരയില്‍ താമസിക്കുന്ന റിനുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു ഇവര്‍.
ഇന്നലെ രാത്രി 7.40 ന് ട്രെയിന്‍ ചിറയിന്‍കീഴ് റെയില്‍വേസ്റ്റേഷന്‍ വിട്ടതുമുതലാണ് സംഭവം. 8.18ന് ട്രെയിന്‍ പേട്ട സ്റ്റേഷനില്‍ എത്തുംവരെ യാത്രക്കാര്‍ക്ക് അക്രമം നേരിടേണ്ടിവന്നു. ട്രെയിന്‍ ചിറയിന്‍കീഴ് വിട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന രണ്ടുപേര്‍ ഇവരുടെ സമീപത്തേക്ക് എത്തുകയായിരുന്നു. ആദ്യം പരസ്പരം വഴക്കുകൂടുന്നതായി ഭാവിച്ച അക്രമികള്‍ പെട്ടെന്ന് സ്ത്രീകളുടെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു. മോഹനന്‍പിള്ള ഇത് തടഞ്ഞു. തുടര്‍ന്ന് അക്രമികള്‍ മോഹനന്‍പിള്ളയേയും സ്ത്രീകളേയും അസഭ്യംപറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.
ഇതേ കോച്ചില്‍ യാത്രചെയ്ത തമിഴ്നാട് സ്വദേശിയും കുടുംബവും ഇടപെട്ട് അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരെയും ഇവര്‍ ഭീഷണിപ്പെടുത്തി ട്രെയിന്‍ പേട്ട സ്റ്റേഷനില്‍ എത്തിയപ്പോള്‍ മോഹനന്‍പിള്ള അവസാന കോച്ചില്‍ നിന്ന് ആര്‍.പി.എഫുകാരെ കൂട്ടിക്കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. സഹായത്തിനായി റെയില്‍അലര്‍ട്ടിലും ആര്‍.പി.എഫ് കണ്‍ട്രോളിലും യാത്രക്കാര്‍ ബന്ധപ്പെട്ടെങ്കിലും യഥാസമയം എത്തിയില്ലെന്ന് ആരോപണമുണ്ട്.
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം റിപ്പോർട്ട്

0 Comments