താമരശ്ശേരി ചുരത്തിൽകൂടെയുള്ള യാത്രാ അനുഭവം.

mediaworldlive news Kozhikode 

വയനാട് തളിപ്പുഴ:
21/06/23

മകൾക്കു അവധി കഴിഞ്ഞു ചെന്നൈയിലേക്ക് തിരിച്ചുപോകേണ്ടത് 18ആം തിയ്യതി ഞായറാഴ്ചയായിരുന്നു. രാത്രി എട്ടരക്ക്  കോഴിക്കോട്ടെത്തുന്ന മംഗലാപുരം ചെന്നൈ എക്സ്പ്രെസ്സിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. തളിപ്പുഴ നിന്നും കോഴിക്കോട്ടെത്താൻ പരമാവധി 2 മണിക്കൂർ മതി. എങ്കിലും ഞായറാഴ്ചകളിൽ വാഹനബാഹുല്യം കാരണം ചുരത്തിൽ കുരുക്ക് മുന്നിൽകണ്ട്  നാലേമുക്കാലിന്‌ തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ഞായറാഴ്ച പൊതുവെ കെഎസ്ആർടിസി ഷെഡ്യൂളുകൾ കുറക്കാറുണ്ട്. അഞ്ചുമണിക്കെത്തുന്ന 'എരഞ്ഞിക്കോത്ത്' സ്വകാര്യ ബസ് കാത്തിരുന്നുവെങ്കിലും കാണാത്തതിനാൽ നിറയെ യാത്രക്കാരുമെത്തിയ കെഎസ്ആർടിസി ബസ്സിൽ തന്നെ കയറി. ലക്കിടി എത്തിയപ്പോഴേക്കും ചുരത്തിലെ ബ്ലോക്ക് മൂലം വാഹനങ്ങളുടെ നീണ്ട നിരയിൽ ഞങ്ങളും കുടുങ്ങി.. ഈ സമയം കണ്ടക്ടർ അയാളുടെ സീറ്റ് എനിക്ക്  ഒഴിഞ്ഞു തന്നു. ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായിയുടെ വിളി വന്നു എട്ടാം വളവിൽ ചരക്കു ലോറി കേടുവന്നിട്ടുണ്ടെന്നും ബ്ലോക്ക് ആണെന്നും. പിന്നെ വാഹനങ്ങൾ ഒച്ചിഴയുംപോലെ നീങ്ങാൻ തുടങ്ങി. ഏറെ കഴിഞ്ഞില്ല, മേല്പറഞ്ഞ സ്വകാര്യ ബസ് ഏഴു വാഹനങ്ങൾക്ക് പിന്നിലായെത്തി. ഞാനൊന്നു മയങ്ങി ഉണർന്നപ്പോൾ ഞങ്ങളുടെ ബസ് ചുരം ടവറിനടുത്തിയിരിക്കുന്നു. ഈ സമയം സ്വകാര്യ ബസ് ഞങ്ങളുടെ ബസിനെയും മറികടന്നു ഏറെ മുന്നിലെത്തിയിരിക്കുന്നു. എട്ടാം വളവിലെ ലോറി കേടു വന്നിടം  കഴിഞ്ഞപ്പോഴേക്കും ഏഴു മണിയായി. ഇനി ഒന്നര മണിക്കൂറു കൊണ്ട് കോഴിക്കോട് റെയിൽവേ സ്റേഷനിലെത്തുക എന്നത് സംശയകരമാണ്. മകൾ ആകെ അസ്വസ്ഥയായി. അടിവാരത്തെത്തുമ്പോഴേക്കും മണിഏഴരയാവാറായി. എന്തായാലും ബസിൽയാത്ര തുടർന്നാൽ സമയത്തിന് റയിൽവെ സ്റേഷനിലെത്തില്ലെന്നുറപ്പാണ്. തച്ചംപൊയിലിലുള്ള സഹോദരിയുടെ അവരുടെ കാർ താമരശേരിയിലെത്തിക്കാൻ പറഞ്ഞു. 7.47നു താമരശ്ശേരിയിൽനിന്നും കാറെടുത്തു പുറപ്പെട്ടു. റോഡിൽ നല്ല തിരക്കായിരുന്നു. കഴിയുന്ന വിധത്തിലൊക്കെ ഓടിച്ചിട്ടും സ്പീഡെടുക്കാൻ കഴിഞ്ഞില്ല. ഓരോ അഞ്ചുമിനിറ്റിലും മകളോട് സമയം ചോദിച്ചുകൊണ്ടേയിരുന്നു. കല്ലായി റോഡിൽനിന്നും റെയിൽവെ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോൾ മകൾ കരഞ്ഞു 'ഉപ്പാ എട്ടരയായി'. ശ്വാസം എടുക്കാതെ സ്റ്റേഷൻ കവാടത്തിലെത്തിയപ്പോൾ ട്രെയിൻ ഒന്നാം ഫ്ലാറ്റ്‌ഫോമിൽ വന്നു നിൽക്കുന്നു. ബാഗുമെടുത്താൻ അവളോട് ഓടാൻ പറഞ്ഞു. ട്രെയിനിനടുത്തെത്തിയപ്പോൾ മകളെ കാണാനില്ല. ഫോൺ ചെയ്തപ്പോൾ അവൾ അകത്തു കയറിയെന്നു പറഞ്ഞു. അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. രണ്ടും കല്പിച്ചു അവളുടെ ബാഗുമായി ഞാനും ട്രെയിൻ കയറി. ഉള്ളിലുണ്ടായിരുന്ന പോലീസുകാരൻ ഒന്ന് മുരടനക്കി 'ഓടുന്ന ട്രെയ്നലേക്കാണോ ചാടിക്കയറുന്നത്'. ഞാൻ ഒന്നും പറഞ്ഞില്ല. കംപാർട്ട്‌മെന്റ് ഏതെന്നുചോച്ചപ്പോൾ S7 എന്ന് മറുപടി കിട്ടി. മകൾ കയറിയത്  S. 3 യിലാണ്.അവൾക്ക് യാത്ര ചെയ്യേണ്ട a/c കോച് ഏറെമുന്പിലാണ്. മുന്നോട്ടു പോകുന്നതിനിടെ TTR നെ കണ്ടു മകളുടെ റിസേർവേഷൻ കാണിച്ചുകൊടുക്കുകയും ഞാൻ എത്തിപ്പെടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു'ഈ ട്രെയിനിന് അടുത്ത സ്റ്റോപ്പ് തിരൂരിൽ മാത്രമേയുള്ളൂ, അവിടെയിറങ്ങിക്കോളൂ'. വേറെ ഫൈനൊന്നും ഇടാതെ വിട്ടതിൽ മനസാ നന്ദിയും പറഞ്ഞു. മകളെ കമ്പാർട്മെന്റിലാക്കി പുറത്തേക്കു വന്ന എന്റെ വ്യാകുലത കണ്ടു രണ്ടു മൂന്നു യാത്രക്കാർ കാര്യമന്വേഷിച്ചു. എന്നെ ഇതിനേക്കാൾ ഭയപ്പെടുത്തിയത് എന്റെ കാർ റയിൽവെ പ്രവേശന കവാടത്തിനടുത് ഗ്ലാസ് പോലും പൊക്കാതെ പാർക്ക് ചെയ്തപടിയാണ്. എന്റെ ഒരു പഴയ സുഹൃത്ത് ഡെപ്യുട്ടേഷനിൽ എസ്ഐ ആയി റെയിൽവെ പോലീസിലുണ്ട് അദ്ദേഹത്തെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം കൺട്രോൾ റൂമിൽ അറിയിക്കാമെന്നും പറഞ്ഞു.
9.15നു ട്രെയിൻ തിരൂരെത്തി. പുറത്തിറങ്ങി അന്വേഷിച്ചപ്പോൾ അടുത്തെങ്ങും കോഴിക്കോട്ടേക്ക് ബസ് കിട്ടാൻ സാധ്യതയില്ലെന്നറിഞ്ഞു. അവസാനം ഓട്ടോറിക്ഷക്കാരനെ സമീപിച്ചു. 'ചങ്കുവെട്ടി വരെ പോകണം, ഹൈവെ വഴിവരുന്ന ബസ് കിട്ടും. 300 രൂപയാകും.'  ഡ്രൈവർ സിദ്ദിഖ് കുറെ സംസാരിച്ചു, കുടുംബവുമായി വയനാട്ടിൽ വരുന്ന കാര്യമൊക്കെ അറിയിച്ചു. ചങ്കുവെട്ടിയിലുള്ള സുഹൃത്തുക്കളായ കുഞ്ഞാൻക്കായെയും അബ്ദുറഹിമാനെയും ഞാൻ ഫോണിൽ വിളിച്ചു അവരൊക്കെ സഹായം വേണോഎന്നന്വേഷിച്ചു. ഓട്ടോ ചങ്കുവെട്ടിയിലെത്തിയപ്പോഴേക്കും കോഴിക്കോട്ടേക്കുള്ള സൂപ്പർഫാസ്റ്റ്  ബസെത്തി. രാത്രി പതിനൊന്നരയോടെ മൊഫ്യുസൽ സ്റാൻഡിലിറങ്ങി അവിടന്ന് ഓട്ടോ  പിടിച്ചു സ്റ്റേഷനിലെത്തി. കാർ 'നോ പാർക്കിങ്ങി'ൽ നിറുത്തിയിട്ടതുമൂലം പോലീസ് നിരീക്ഷണത്തിലായിരുന്നു. ഡ്യുട്ടിയിലുണ്ടായിരുന്ന റെയിൽവെ പോലീസ് ഓഫീസറോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. അദ്ദേഹം എന്നെയും കൂട്ടി കാറിനടുത്തേക്ക് വന്നു. പിറ്റേന്നു കാലത്തു 11 മണിക്ക് വന്നു RPF ന്റെ ഓഫീസിലെത്തുകയും കോടതിയിൽ പോയി പിഴ അടക്കുകയും വേണമെന്നാവശ്യപ്പെട്ടു. അദ്ദേഹത്തിൽ നിന്നും നമ്പർ വാങ്ങി RPF കൺട്രോൾ സെന്ററിൽവിളിച്ചു. ഫോണെടുത്ത മാഡത്തോട്  എന്റെ അനുഭവങ്ങളും ഉണ്ടായ കാര്യങ്ങളും വിശദീകരിച്ചു. പിഴ അടക്കാനുള്ള എന്റെ സന്നദ്ധതയും എന്റെ വെപ്രാളവും കണ്ടതുകൊണ്ടും ഞാൻ വിശദീകരിച്ച കാര്യങ്ങൾ സത്യമെന്നറിഞ്ഞതുകൊണ്ടുമായിരിക്കാം എന്നെ പിന്നീട് പിഴ ശിക്ഷയിൽനിന്നും ഒഴിവാക്കി. ആ നല്ല മനസുകൾക്ക് ഒരുപാട് നന്ദി. തിരിച്ചു തച്ചമ്പൊയിലിലെ സഹോദരിയുടെ വീട്ടിലെത്തുമ്പോൾ മണി പുലർച്ചെ ഒന്ന് കഴിഞ്ഞിരുന്നു.
വാൽകഷ്ണം: ആ സ്വകാര്യ ബസിൽ കയറിയിരുന്നുവെങ്കിൽ ഇത്രയും പൊല്ലാപ്പുകൾ നേരിടേണ്ടി വരില്ലായിരുന്നു എന്ന തോന്നൽ മനസിലൂറിവന്നിരുന്നു. 
- Sayed Thalipuzha
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments