12/08/23/
----------------------------------------
എ . ആർ . കൊടിയത്തൂർ
_____________________________
അന്നൊരു സുന്ദര കാലം. വി എം കുട്ടിയും വിളയിൽ വത്സലയും അവതരിപ്പിക്കുന്ന ഇമ്പമാർന്ന ഗാനമേള. 1970 കളിൽ കേരളത്തിലുടനീളവും കേരളത്തിന് പുറത്തും പരിപാടികൾ. ജനങ്ങൾ ഓടിയെത്തും. വിളയിൽ വത്സല പിന്നീട് വിളയിൽ ഫസീലയായി.
മലപ്പുറം ജില്ലയിലെ പുളിക്കലിലെ ദാറുസ്സലാമിൽ താമസിക്കുന്ന വി എം കുട്ടി എന്ന അധ്യാപകനാണ് വത്സലയിലെ കലാകാരിയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്.
മലപ്പുറം ഏറനാട് താലൂക്കിലെ ചീക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട വിളയിൽ ഉള്ളാട്ടുതൊടി കേളൻ - ചെറു പെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. വലിയ സംഗീത പാരമ്പര്യമൊന്നും ഇല്ലാത്ത കുടുംബം ആയിരുന്നു ഇവരുടെത്. സിനിമാ ഗാനങ്ങൾ ഉള്ള പുസ്തകങ്ങൾ തേടിപ്പിടിച്ച് വത്സലയും സഹോദരനും അന്ന് പാട്ടുപാടുമായിരുന്നു.
വിളയിൽ പറപ്പൂർ വിദ്യാപോഷിണി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കല്യാണവീട്ടിൽ ആദ്യമായി പാട്ടുപാടിയാണ് ഈ കൊച്ചു മിടുക്കി പാട്ട് ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് സ്കൂളിലെ സാഹിത്യ സമാജങ്ങളിൽ സ്ഥിരം ഗായികയായി .1970 കളിൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ ബാലലോകം പരിപാടി അവതരിപ്പിക്കുന്നതിനായി കുട്ടികളെ തേടിയുള്ള യാത്രയിലാണ് വി.എം കുട്ടി മാഷ് വത്സലയെ കണ്ടെത്തിയത്.
മൂന്നാം വയസ്സിൽ തന്നെ മാതാവിനെ നഷ്ടപ്പെട്ടു .പിന്നീട് അമ്മാവന്മാരുടെ കൂടെയാണ് വളർന്നത്. ഗായിക എന്ന നിലയിൽ പ്രശസ്തയായി തുടങ്ങി മാപ്പിളപ്പാട്ട് ശാഖയിലേക്ക് നടന്ന് അടുത്തപ്പോൾ നിരവധി എതിർപ്പുകളെ നേരിടേണ്ടി വന്നു. പിതാവ് നൽകിയ അകമഴിഞ്ഞ പിന്തുണയാണ് മാപ്പിളപ്പാട്ടിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചത് .കൂടുതൽ അവസരങ്ങൾ നൽകി നാട്ടിലും ബാംഗ്ലൂരിലുമായി നിരവധി പരിപാടികൾ അവതരിപ്പിക്കാൻ അവസരം കിട്ടി. മാഷിൻറെ മക്കളായ ബുഷ്റ ,ഷെഹ്റു, കുഞ്ഞുട്ടി, അഷ്റഫ്, തുടങ്ങിയവരുമായി നല്ല ബന്ധം പുലർത്തിയതിനാൽ അറബി ഭാഷ ഉച്ചാരണം നന്നാക്കിയെടുക്കാൻ സഹായകമായി. കിരി കിരി ചെരുപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി-എന്ന കല്യാണ പാട്ടിലൂടെയാണ് സ്റ്റേജ് സംഗീതാലാപന ത്തിലേക്കുള്ള തുടക്കം. ശേഷം ആമിന ബീവി കോമന മോനെ, ആരിലും കനിയും ഇമ്പത്തേനെ എന്ന പാട്ടിലൂടെ നാട്ടിലും പ്രവാസ ലോകത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. റേഡിയോകളിൽ നിരന്തരമായി പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി .
എം എസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി പാടിയത് .മുഹമ്മദ് മുസ്തഫ എന്ന ചിത്രത്തിൽ പി .ടി അബ്ദുറഹിമാൻറെ രചനയിൽ ഉള്ള ഗാനമായിരുന്നു അത്. പിന്നീട് ഹസ്ബി റബ്ബീ ജല്ലല്ല ,. ഹജ്ജിന്റെ രാവിൽ ഞാൻ ഖഅബം കിനാവ് കണ്ടു, ആക ലോക കാരണ മുത്തോളി, ഉടനെ കഴുത്തെന്റേത് അറുക്കൂ ബാപ്പാ
തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ഫസീലയിലൂടെ ജനങ്ങൾ ആസ്വദിച്ചു.പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു .മൈലാഞ്ചി ,1921 തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട് .ധാരാളം പുരസ്കാരങ്ങൾ ഫസീലയെ തേടിയെത്തിയിട്ടുണ്ട്. മാപ്പിള ഗാന കലാരത്നം, മഹാകവി മോയിൻകുട്ടി വൈദ്യർ പുരസ്കാരങ്ങൾ തുടങ്ങിയവ അവയിൽ പെട്ടതാണ് . 1986 ലാണ് ടി കെ പി മുഹമ്മദ് അലി ഫസീലയെ ഇണയായി സ്വീകരിക്കുന്നത്. ഫയാദ് അലി, ഫാഹിമ എന്നിവരാണ് മക്കൾ. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് വെള്ളിപ്പറമ്പിലാണ് അവർ താമസമാക്കിയത്. മാപ്പിളപ്പാട്ടിന്റെ ലോകത്ത് നിറഞ്ഞുനിന്ന ഫസീലയെ നമുക്ക് എന്നൊന്നും ഓർക്കാം.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments